ന്യൂഡെല്‍ഹി: ബംഗ്ലാദേശില്‍ ഒരു ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെ ത്രിപുര അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ ഓഫീസിന്റെ സുരക്ഷ ലംഘിച്ച് പ്രതിഷേധക്കാര്‍ അകത്തു കടന്ന സംഭവം ഇന്ത്യ അപലപിച്ചു. ബംഗ്ലാദേശില്‍ ഹിന്ദു സന്യാസി ചിന്‍മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചും അയല്‍രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും തിങ്കളാഴ്ച നിരവധി ആളുകള്‍ ബംഗ്ലാദേശ് മിഷനു സമീപം റാലി നടത്തിയപ്പോഴായിരുന്നു ലംഘനം നടന്നത്.
പ്രതിഷേധത്തിനിടെ 50 ഓളം പ്രകടനക്കാര്‍ ബംഗ്ലാദേശ് മിഷന്റെ പരിസരത്ത് പ്രവേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സംഭവം ഖേദകരമാണ്. നയതന്ത്ര, കോണ്‍സുലാര്‍ സ്വത്തുക്കള്‍ ഒരു കാരണവശാലും ലക്ഷ്യം വയ്ക്കരുത്,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഡെല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലും രാജ്യത്തുടനീളമുള്ള മറ്റ് ഡെപ്യൂട്ടി, അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് നവംബര്‍ 29 ന് ഇന്ത്യ ബംഗ്ലാദേശിനോട് ആശങ്ക ഉന്നയിച്ചിരുന്നു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്