ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെ, ഡല്‍ഹി ഹൈക്കോടതിക്കും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഉള്‍പ്പെടെ നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങള്‍ക്ക് ബോംബ് ഭീഷണി. ഖലിസ്ഥാനികള്‍ എന്ന പേരില്‍ ലഭിച്ച ഇമെയില്‍ സന്ദേശത്തിലൂടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇമെയില്‍ സന്ദേശത്തെത്തുടര്‍ന്ന് നഗരത്തിലുടനീളം ഡല്‍ഹി പോലീസും സുരക്ഷാ ഏജന്‍സികളും ജാഗ്രത ശക്തമാക്കി.
ശനിയാഴ്ച ഉച്ചയ്ക്ക് 2:11 ന് ഡല്‍ഹി ഹൈക്കോടതിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് ഇമെയിലില്‍ പ്രധാനമായും പറയുന്നത്. ഇതിന് കൃത്യം ഒരു മണിക്കൂറിന് ശേഷം ഒരു ജില്ലാ കോടതിയിലും സ്‌ഫോടനം നടക്കുമെന്ന് ഭീഷണിയുണ്ട്. സിഖുകാര്‍ക്കെതിരായ കേസുകള്‍ മാത്രമാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതെന്നും കോടതിയിലെ ചില കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഭീഷണിയെന്ന സൂചനയുമാണ് സന്ദേശത്തിലുള്ളത്. ഹൈക്കോടതിക്ക് പുറമെ ജാംനഗര്‍ ഹൗസ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-3, ഝണ്ഡേവാലന്‍ ബില്‍ഡിങ്, സാകേത് ഡി.എം. ഓഫീസ്, ഡല്‍ഹി കന്റോണ്‍മെന്റ് എസ്.ഡി.എം. ഓഫീസ് എന്നിവിടങ്ങളിലും സ്‌ഫോടനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹിയെ ഖലിസ്ഥാന്‍ ആക്കുമെന്നും ഇതിനായി ഖലിസ്ഥാന്‍ വാദികള്‍ നഗരത്തില്‍ എത്തിയിട്ടുണ്ടെന്നും ഇമെയില്‍ സന്ദേശത്തില്‍ അവകാശപ്പെടുന്നു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് നേരത്തെ തന്നെ ഡല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഭീഷണി സന്ദേശം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സംശയകരമായ രീതിയില്‍ യാതൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും നഗരത്തില്‍ പരിശോധന കര്‍ശനമായി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അയച്ചവരെ തിരിച്ചറിയാനും ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
