ന്യൂഡൽഹി: വിവാഹബന്ധങ്ങളിൽ വീട്ടുജോലി പങ്കിടുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ചെയ്യുന്നത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് വിവാഹമോചനത്തിനുള്ള ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ ഈ സുപ്രധാന പരാമർശം.
കാലം മാറിക്കൊണ്ടിരിക്കുകയാണെന്നും വീട്ടുജോലികളിൽ ഭർത്താവും തുല്യമായി പങ്കുചേരണമെന്നും കോടതി ഓർമ്മിപ്പിച്ചു. പാചകം ചെയ്യുക, പാത്രം കഴുകുക, വീട് വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിൽ ഭർത്താവിനും ഉത്തരവാദിത്തമുണ്ട്.
"നിങ്ങൾ വിവാഹം കഴിക്കുന്നത് ഒരു വേലക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണ്" എന്ന് കോടതി കർശനമായി പറഞ്ഞു. വീട്ടുജോലികൾ ചെയ്യാത്തതിന്റെ പേരിൽ ഭാര്യയെ കുറ്റപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.
വിവാഹബന്ധം തകരാൻ ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നത് ശരിയല്ലെന്നും, പരസ്പര സഹകരണവും ബഹുമാനവുമാണ് ഒരു കുടുംബത്തിന്റെ അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു.
പുരുഷാധിപത്യ ചിന്താഗതികൾ മാറണമെന്നും വീട്ടുജോലികൾ ഒരു സ്ത്രീയുടെ മാത്രം കടമയാണെന്ന ധാരണ തിരുത്തപ്പെടണമെന്നും ഉത്തരവിൽ പറയുന്നു. ഈ നിരീക്ഷണം രാജ്യത്തെ കുടുംബ നിയമങ്ങളിലും സാമൂഹിക കാഴ്ചപ്പാടുകളിലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
