ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനും ഇൻഡിപെൻഡന്റ് ഡയറക്ടറുമായ അതാനു ചക്രവർത്തി സ്ഥാനമൊഴിഞ്ഞു. ബുധനാഴ്ചയായിരുന്നു അപ്രതീക്ഷിത രാജി. ബാങ്കിനുള്ളിലെ ചില നടപടികളും രീതികളും തന്റെ വ്യക്തിപരമായ മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പടിയിറങ്ങിയത്.
ബാങ്ക് ഗവേണൻസ് കമ്മിറ്റിക്ക് നൽകിയ കത്തിൽ, കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിൽ താൻ നിരീക്ഷിച്ചുവരുന്ന ചില കാര്യങ്ങളോടുള്ള വിയോജിപ്പാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും ബാങ്കിൽ ക്രമക്കേടുകൾ നടന്നതായി താൻ പറയുന്നില്ലെന്നും, തന്റെ പ്രത്യയശാസ്ത്രങ്ങൾ സ്ഥാപനവുമായി പൊരുത്തപ്പെടാത്തതിനാലാണ് പിരിയുന്നതെന്നും പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 2021 മേയിലാണ് അതാനു ചക്രവർത്തി എച്ച്ഡിഎഫ്‌സി ബാങ്ക് ബോർഡിൽ ചേരുന്നത്. എച്ച്ഡിഎഫ്‌സിയുമായുള്ള ലയനം ഉൾപ്പെടെയുള്ള നിർണ്ണായക ഘട്ടങ്ങളിൽ അദ്ദേഹം ബാങ്കിനൊപ്പമുണ്ടായിരുന്നു.
അതാനു ചക്രവർത്തിയുടെ രാജിക്ക് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ ബാങ്കിന്റെ ഓഹരി വില 4.73 ശതമാനം ഇടിഞ്ഞ് 800.40 രൂപയിലെത്തി. അമേരിക്കൻ വിപണിയിലെ എച്ച്ഡിഎഫ്‌സി എഡിആറുകൾ (ADR) 7 ശതമാനത്തിലധികം താഴ്ന്നു. നിലവിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിന് അടുത്താണ് ഓഹരി വ്യാപാരം നടക്കുന്നത്.
അതാനു ചക്രവർത്തിയുടെ ഒഴിവിലേക്ക് കെക്കി മിസ്ട്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല പാർട്ട് ടൈം ചെയർമാനായി ആർബിഐ (RBI) നിയമിച്ചു. മാർച്ച് 19 മുതൽ ഇദ്ദേഹത്തിന്റെ കാലാവധി ആരംഭിക്കും. ബാങ്കിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും ഭരണപരമായ ആശങ്കകൾ നിലവിലില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഗുജറാത്ത് കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ചക്രവർത്തി മുൻ സാമ്പത്തിക കാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
