അമൃത്സര്‍: പഞ്ചാബില്‍ വ്യാജമദ്യദുരന്തത്തില്‍ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും ഭംഗാലി, പതല്‍പുരി, മരാരി കലന്‍, തരൈവാല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് ഇത്. വ്യാജമദ്യം കഴിച്ച് നിരവധി പേരെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട എക്‌സൈസ്, ടാക്‌സ് ഓഫീസര്‍ ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജമദ്യ നിര്‍മ്മാണത്തിന് ഓണ്‍ലൈന്‍ വഴിയാണ് മെഥനോള്‍ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം ഒരേ ഉറവിടത്തില്‍ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായതെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ ചിലര്‍ മരിച്ചെങ്കിലും നാട്ടുകാര്‍ പൊലീസിനെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിയാണ് മരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് മജിത എസ്എച്ച്ഒ ആഫ്താബ് സിങ് പറഞ്ഞു.
വിഷമദ്യം കഴിച്ച് നിരവധി പേര്‍ മരിച്ചുവെന്ന ദുഖകരമായ വാര്‍ത്തയാണ് ഗ്രാമങ്ങളില്‍ നിന്ന് വരുന്നത്. ഇത് മരണമല്ല, കൊലപാതകമാണ്. നിരപരാധികളെ കൊന്നൊടുക്കിയ കൊലയാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല. കുറ്റവാളികളെ നിയമത്തിന് മുമ്പിലെത്തിച്ച് ശിക്ഷിക്കും- പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്‌സില്‍ കുറിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മരിച്ചവരുടെ കുടുംബത്തിന് സഹായം ഉണ്ടാകുമെന്നും ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്