ഭോപ്പാൽ: ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് 9.8 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരിയേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ ചന്ദേരി പോലീസാണ് തൃപ്തി സിംഗ് രാജ്പുത്, സഹോദരൻ സുധാംശു രാജ്പുത് എന്നിവരെ അറസ്റ്റ് ചെയ്തത്.
തൃപ്തി സിംഗ് രാജ്പുത് മധ്യപ്രദേശ് ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ മേധാവിയുമാണെന്ന് അവകാശപ്പെട്ടാണ് പ്രതികൾ ഇരകളെ വലയിലാക്കിയത്.
സർക്കാർ ജോലികൾ വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് 3 ലക്ഷം രൂപ വീതമാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. തട്ടിപ്പിനിരയായവർ 2025 ഏപ്രിൽ 7-ന് ചന്ദേരിയിൽ വെച്ച് 9.8 ലക്ഷം രൂപയും തങ്ങളുടെ ഔദ്യോഗിക രേഖകളും പ്രതികൾക്ക് കൈമാറുകയായിരുന്നു. ബാക്കി 2 ലക്ഷം രൂപ പിന്നീട് നൽകാമെന്നും ധാരണയുണ്ടായിരുന്നു.
മൂന്ന് മാസം മുമ്പ് തട്ടിപ്പിനിരയായവർ നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. അശോക് നഗർ എസ്പി രാജീവ് മിശ്രയുടെ നിർദ്ദേശപ്രകാരം, പുതിയ ജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രതികളെ ചന്ദേരിയിലേക്ക് വീണ്ടും വിളിപ്പിച്ചു വരുത്താൻ പോലീസ് ഇരകൾക്ക് നിർദ്ദേശം നൽകി. ഇതിനെ തുടർന്ന് ചന്ദേരിയിൽ എത്തിയ തൃപ്തിയെയും സഹോദരനെയും പോലീസ് തന്ത്രപൂർവ്വം അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ ഇവരുടെ കൂട്ടാളികളായ തനുജ് ബൈശ്യ, അഞ്ജലി സിംഗ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളിൽ നിന്ന് വിലകൂടിയ മൊബൈൽ ഫോണുകളും ഒരു കാറും പോലീസ് പിടിച്ചെടുത്തു. തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഭോപ്പാലിലെ ഒളിസങ്കേതങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
