ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണെന്ന സൂചന നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജമ്മു കശ്മീരില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത പാര്‍ട്ടികളില്‍ നിന്ന് 'പൊതു ചിഹ്നങ്ങള്‍' അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.
അംഗീകൃത ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ക്ക് അവരുടെ 'സംവരണ ചിഹ്നങ്ങള്‍' ഉള്ളപ്പോള്‍, രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് അവയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സംബന്ധിച്ച ഉത്തരവ് പ്രകാരം, രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ആറ് മാസം മുമ്പ് 'പൊതു ചിഹ്നത്തിന്' അപേക്ഷിക്കാം. ജമ്മു കശ്മീരില്‍ നിലവില്‍ അസംബ്ലി ഇല്ലാത്തതിനാലാണ് കമ്മീഷന്‍ പ്രത്യേകം അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2024 സെപ്റ്റംബര്‍ 30-നകം നടത്തണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയിമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്തുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഇത് പ്രായോഗികമായിരുന്നില്ല എന്ന് കമ്മീഷന്‍ പറയുന്നു.
ജമ്മു കശ്മീരില്‍ 'വളരെ വേഗം' തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ പറഞ്ഞിരുന്നു.
''ഞങ്ങള്‍ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഉടന്‍ ആരംഭിക്കും, വോട്ടര്‍മാരുടെ പങ്കാളിത്തത്തില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്... നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ജമ്മു കശ്മീരില്‍ രേഖപ്പെടുത്തി, മൊത്തത്തില്‍ 58.58 ശതമാനവും താഴ്വരയില്‍ 51.05 ശതമാനവും,'' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്