തിരുവനന്തപുരം: ഫീസ് റീഫണ്ടുമായി ബന്ധപ്പെട്ട പരാതിയില്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ 9.55 ലക്ഷം രൂപ നല്‍കാന്‍ പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിനോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടതായി റിപ്പോർട്ട്.
റീഫണ്ടായി 8,52,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും ചെലവിനമായി 3,000 രൂപയും നല്‍കാനാണ് തിരുവനന്തപുരം സ്വദേശിയായ ശശികാന്ത് സൈനിക്ക് അനുകൂലമായി കമ്മീഷന്‍ വിധിയിൽ പറയുന്നത്. ശശികാന്ത് സൈനി നല്‍കിയ പരാതിയിലാണ് നടപടി.
അദ്ദേഹത്തിന്റെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ബൈജൂസിന്റെ ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്നിരുന്നു. കമ്പനി പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രജിസ്‌ട്രേഷന്‍ ഫീസായി 20,000 രൂപ നല്‍കി. പിന്നീട് ഓഫ്‌ലൈന്‍ ക്ലാസിലേക്ക് മാറാന്‍ തീരുമാനിച്ചതോടെ, അടുത്ത ദിവസം തന്നെ കോഴ്സ് റദ്ദാക്കുകയും ഫീസ് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ തുടര്‍ച്ചയായി അയച്ച ഇ-മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും കമ്പനി പ്രതികരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. രണ്ടുമാസത്തിന് ശേഷം ബാംഗ്ലൂരിലെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളി ലഭിച്ചു. ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് വിവരങ്ങള്‍ നല്‍കിയാല്‍ റീഫണ്ട് നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ പാലിച്ചപ്പോള്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായി ശശികാന്ത് സൈനി വ്യക്തമാക്കി.
ആദ്യം അക്കൗണ്ടിലേക്ക് എട്ട് ലക്ഷം രൂപ വന്നതായി കാണിക്കുകയും തുടര്‍ന്ന് പല ഇടപാടുകളിലൂടെ ആകെ 8,32,000 രൂപ പിന്‍വലിക്കപ്പെട്ടതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി.വി. ജയരാജനും അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി ആര്‍ എന്നിവരും ചേര്‍ന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടും ബൈജൂസ് പ്രതിനിധികള്‍ നേരിട്ട് ഹാജരായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
