ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് (PNB) തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ മകൻ രോഹൻ ചോക്സിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടപടി കടുപ്പിക്കുന്നു.
മെഹുൽ ചോക്സിയുടെ മകൻ രോഹൻ ചോക്സിക്കെതിരെ പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. രോഹനെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി(Fugitive Economic Offender - FEO) ആയി പ്രഖ്യാപിക്കാനുള്ള നടപടികളും ഏജൻസി ആരംഭിച്ചേക്കും.
നിലവിൽ അമേരിക്കയിൽ കഴിയുന്ന രോഹൻ ചോക്സിക്കെതിരെ ഇതാദ്യമായാണ് ഒരു കേന്ദ്ര ഏജൻസി ഔദ്യോഗികമായി നിയമനടപടി സ്വീകരിക്കുന്നത്. 2018 മുതൽ സി.ബി.ഐയും ഇ.ഡിയും കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെയുള്ള കുറ്റപത്രങ്ങളിലൊന്നും രോഹന്റെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, മെഹുൽ ചോക്സി സ്ഥാപിച്ച ഷെൽ കമ്പനികളിൽ രോഹന് സജീവ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന പുതിയ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
ബാങ്ക് തട്ടിപ്പിലൂടെ ലഭിച്ച പണം വിവിധ കമ്പനികൾ വഴി വകമാറ്റാൻ രോഹൻ സഹായിച്ചതായി ഇ.ഡി ആരോപിക്കുന്നു. ടെക്സസ് ആസ്ഥാനമായുള്ള സാമുവൽസ് ജ്വല്ലേഴ്സ് എന്ന സ്ഥാപനം വഴി 121 മില്യൺ ഡോളറിന്റെ ഇടപാടുകൾ നടത്തിയതായും ഇത് നിയമവിരുദ്ധമായ പണമിടപാടുകൾ മറച്ചുവെക്കാൻ വേണ്ടിയായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇന്ത്യ, ദുബായ്, ഹോങ്കോങ് എന്നിവിടങ്ങളിലെ ചോക്സിയുടെ സ്ഥാപനങ്ങളിലേക്ക് പണം എത്തിക്കാൻ ഈ ഷെൽ കമ്പനികളെ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ 2022-ൽ മെഹുൽ ചോക്സിയുടെ ഭാര്യ പ്രീതി ചോക്സിയെയും ഇ.ഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അവരെയും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്.
നിലവിൽ മെഹുൽ ചോക്സി ബെൽജിയത്തിലെ ആന്റ്‌വെർപ്പിലുള്ള ജയിലിലാണ്. മകനെതിരെ കൂടി കുറ്റപത്രം സമർപ്പിക്കുന്നതോടെ ചോക്സി കുടുംബത്തിന് മേലുള്ള നിയമപരമായ സമ്മർദ്ദം കൂടുതൽ ശക്തമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
