ദില്ലി: സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിച്ചു സുപ്രീംകോടതി. നടപടികൾ വേഗത്തിലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വെള്ളിയാഴ്ചയ്ക്കകം കൃത്യമായ പ്രവർത്തന പദ്ധതി സമർപ്പിക്കണമെന്നും കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ ഒരു വിദ്യാർത്ഥി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) നടത്തുന്ന പുനഃപരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോരാതിരിക്കാൻ കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്.
ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധരെയും വിവർത്തന ചുമതലയുള്ള അധ്യാപകരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. പരീക്ഷാ പ്രക്രിയ പൂർത്തിയാകുന്നതുവരെ ഇവർ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷകൾ പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിവരം.
ഇതിനിടെ, പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവരങ്ങൾ വ്യാജമാണെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
