മംഗളൂരു: കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭക്തർക്കായി പുതിയ അതിഥിമന്ദിരം നിർമ്മിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. ഞായറാഴ്ച ക്ഷേത്രദർശനത്തിനെത്തിയ അദ്ദേഹത്തോട് ക്ഷേത്ര ഭാരവാഹികൾ പുതിയ അതിഥിമന്ദിരത്തിന്റെ ആവശ്യം ഉന്നയിച്ചപ്പോഴാണ് അനുകൂലമായ മറുപടി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ച് പഠിക്കാൻ റിലയൻസിന്റെ സാങ്കേതിക വിദഗ്ധരെ ഉടൻ തന്നെ കൊല്ലൂരിലേക്ക് അയക്കാമെന്ന് അനന്ത് അംബാനി ഉറപ്പുനൽകിയതായി ട്രസ്റ്റി ബോർഡംഗം പി.വി. അഭിലാഷ് വ്യക്തമാക്കി.
കേരളത്തിൽ നിന്നടക്കം ഒട്ടേറെ മലയാളി ഭക്തർ നിത്യേനയെത്തുന്ന കൊല്ലൂരിൽ നിലവിൽ ലളിതാംബിക, ജഗദംബിക എന്നിങ്ങനെ രണ്ട് അതിഥിമന്ദിരങ്ങളാണ് ക്ഷേത്രം വകയായുള്ളത്. വർഷങ്ങളുടെ പഴക്കമുള്ള ഇവയ്ക്ക് പുറമെ അത്യാധുനിക സൗകര്യങ്ങളോടെ പുതിയൊരു മന്ദിരം കൂടി യാഥാർഥ്യമായാൽ, അത് കൊല്ലൂരിലെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് വലിയ അനുഗ്രഹമാകും.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് മംഗളൂരു വിമാനത്താവളത്തിലെത്തിയ അനന്ത് അംബാനി റോഡ് മാർഗം രാത്രി 7.45-ഓടെയാണ് കൊല്ലൂരിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ മുഖ്യതന്ത്രി ഡോ. രാമചന്ദ്ര അഡിഗ, ട്രസ്റ്റിബോർഡ് അംഗങ്ങളായ പി.വി. അഭിലാഷ്, സുരേന്ദ്ര ഷെട്ടി എന്നിവരും മറ്റ് ഭാരവാഹികളും ചേർന്ന് പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. ദീപാരാധനാ സമയത്ത് ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം പ്രാർത്ഥനയോടെ ചെലവഴിച്ച ശേഷം രാത്രി 8.15-ഓടെയാണ് മടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
