വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി.
ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്ന് യുഎസ് പ്രസിഡന്‍റ് തുറന്നടിച്ചു. അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. എന്നാൽ ഞങ്ങൾ അവർക്കൊപ്പമില്ലെന്ന് ട്രംപ് ചൊവ്വാഴ്ച സിഎൻബിസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
"ഇന്ത്യക്കെതിരെയുള്ള തീരുവ ഞങ്ങൾ 25 ശതമാനത്തിൽ നിലനിർത്തി, പക്ഷേ അവർ റഷ്യൻ എണ്ണ വാങ്ങുന്നതിനാൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ അത് ഗണ്യമായി ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഒരു യുദ്ധത്തിന് ഇന്ധനം നൽകുകയാണ്," ട്രംപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇന്ത്യയും റഷ്യയും ക്ഷയിച്ച സാമ്പത്തിക ശക്തികൾ ആണെന്ന് പറഞ്ഞ ട്രംപ്, റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്ന ഇന്ത്യക്കെതിരെ ഈ ആഴ്ച വീണ്ടും രംഗത്തെത്തുകയായിരുന്നു.
ഇതിനെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു. ഉക്രെയ്ൻ യുദ്ധത്തിനിടയിലും യുഎസും യൂറോപ്യൻ യൂണിയനും റഷ്യയുമായുള്ള വ്യാപാരം തുടർന്നപ്പോൾ, റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് അന്യായമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തി. പരമാധികാര രാഷ്ട്രങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്ക് മേൽ അമേരിക്ക നിയമവിരുദ്ധമായ വ്യാപാര സമ്മർദ്ദം ചെലുത്തുന്നുവെന്നും റഷ്യ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്