കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ലഹരിവിമുക്ത കേന്ദ്രമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നടന്ന ആക്രമണത്തിൽ വൻതോതിൽ സാധാരണക്കാർ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ, ഭീകരവാദ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും മാത്രമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നാണ് പാകിസ്ഥാന്റെ വാദം.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം റാഷിദ് ഖാൻ പാക് നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ജനവാസ മേഖലകളെയും ആശുപത്രികളെയും ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു."വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകളും ലക്ഷ്യം വെക്കുന്നത് ബോധപൂർവ്വമായാലും അബദ്ധത്തിലായാലും അത് യുദ്ധക്കുറ്റമാണ്. വിശുദ്ധ റമദാൻ മാസത്തിൽ പോലും മനുഷ്യജീവനോട് കാണിക്കുന്ന ഈ അവഗണന അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണ്. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ ഏജൻസികളും ഈ ക്രൂരതയെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം." - റാഷിദ് ഖാൻ.
മുൻ ക്യാപ്റ്റൻ മുഹമ്മദ് നബിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ചികിൽസ തേടിയെത്തിയ യുവാക്കളാണ് കൊല്ലപ്പെട്ടതെന്നും റമദാൻ 28-ാം രാവിൽ അഫ്ഗാൻ ജനതയ്ക്ക് മേൽ ദുരന്തം വിതച്ചുവെന്നും അദ്ദേഹം കുറിച്ചു.റമദാൻ നോമ്പ് തുറന്നതിന് ശേഷം ജനങ്ങൾ പുറത്തിറങ്ങിയ സമയത്താണ് നഗരത്തെ നടുക്കിയ സ്ഫോടനങ്ങൾ ഉണ്ടായത്. ഇതിന് പിന്നാലെ അഫ്ഗാൻ പക്ഷത്ത് നിന്ന് തിരിച്ചടിയും ഉണ്ടായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പാക് സൈന്യം അഫ്ഗാൻ അതിർത്തികളിൽ ആക്രമണം തുടരുകയാണ്. താലിബാൻ സർക്കാർ ഭീകരർക്ക് അഭയം നൽകുന്നു എന്നാരോപിച്ചാണ് പാകിസ്ഥാൻ വ്യോമാക്രമണങ്ങൾ നടത്തുന്നത്.
ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെ ആക്രമണം ഉണ്ടായതോടെ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം മുറുകുകയാണ്. യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് അഫ്ഗാൻ സർക്കാരിന്റെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
