ബാങ്കോക്ക്: അതിർത്തിയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കംബോഡിയയിലെ അംബാസഡറെ തായ്‌ലൻഡ് തിരിച്ചുവിളിച്ചു. കംബോഡിയൻ അംബാസഡറെ പുറത്താക്കുമെന്നും ഭരണകക്ഷിയായ ഫ്യൂ തായ് പാർട്ടി അറിയിച്ചു. തർക്കമുള്ള അതിർത്തിയിൽ ഒരു തായ് സൈനികന് മൈൻ സ്‌ഫോടനത്തിൽ പരിക്കേറ്റതിന് പിന്നാലെയാണ് ഈ നടപടി.
തായ്‌ലൻഡിന്റെ വിദേശകാര്യ മന്ത്രാലയം കംബോഡിയയ്ക്ക് ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളുടെ സൈനികൻ പട്രോളിംഗിനിടെ ചവിട്ടിയത് പുതിയ മൈനുകളിലാണെന്നും മുമ്പ് ഈ മേഖലയിൽ അത്തരം മൈനുകൾ ഉണ്ടായിരുന്നില്ലെന്നും ഫ്യൂ തായ് പാർട്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. അതേസമയം, തായ്‌ലൻഡിന്റെ ഈ നടപടിയോട് കംബോഡിയയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
സംഭവത്തിന് പിന്നാലെ, തായ്‌ലൻഡിലെ രണ്ടാം സൈന്യത്തിന്റെ കീഴിലുള്ള എല്ലാ അതിർത്തി ചെക്ക്‌പോസ്റ്റുകളും അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. വിനോദസഞ്ചാരികളെ ഈ അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പാർട്ടി അറിയിച്ചു. ബുധനാഴ്ചയുണ്ടായ മൈൻ സ്‌ഫോടനത്തിൽ സൈനികന് വലതുകാൽ നഷ്ടപ്പെട്ടതായി പാർട്ടി അറിയിച്ചു.
ജൂലൈ 16നും സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. തായ്‌ലൻഡിലെ ഉബോൺ രാച്ചത്താനി, കംബോഡിയയിലെ പ്രിയ വിഹാർ പ്രവിശ്യ എന്നിവയ്ക്കിടയിലുള്ള തർക്ക അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന മൂന്ന് സൈനികർക്ക് മൈൻ സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. അതിർത്തിയിൽ പുതിയ മൈനുകൾ സ്ഥാപിച്ചത് കംബോഡിയയാണെന്ന് അന്ന് തായ്‌ലൻഡ് ആരോപിച്ചിരുന്നു. എന്നാൽ കംബോഡിയ ഈ ആരോപണം നിഷേധിച്ചു. പതിറ്റാണ്ടുകൾ നീണ്ട യുദ്ധം കാരണം ഈ പ്രദേശങ്ങളിൽ ഇപ്പോഴും മൈനുകൾ ഉണ്ടെന്നും തായ് സൈനികർ നിശ്ചിത പാതകളിൽ നിന്ന് വ്യതിചലിച്ചതാണ് അപകടകാരണമെന്നും കംബോഡിയയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
