ഹേഗ്: ഗാസയില്‍ ആക്രമണം തുടരുന്ന ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക.
ഹമാസിനെതിരായ അടിച്ചമര്‍ത്തലില്‍ 1948 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ബാധ്യതകള്‍ ഇസ്രായേല്‍ ലംഘിച്ചുവെന്ന് പ്രഖ്യാപിക്കുന്ന അടിയന്തര ഉത്തരവ് ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്ക വെള്ളിയാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചത്.
ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കേസിന്റെ വാദം കേള്‍ക്കുന്നതിന് തിയതി നിശ്ചയിച്ചിട്ടില്ല.
ഒരു ജനതയെ മുഴുവനായോ ഭാഗികമായോ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാക്കുന്ന, ഹോളോകോസ്റ്റിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഉടമ്പടി പ്രകാരമുള്ള ബാധ്യതകള്‍ ഇസ്രായേല്‍ ലംഘിച്ചുവെന്ന് ദക്ഷിണാഫ്രിക്ക ആരോപിക്കുന്നു. ഗാസയിലെ സൈനിക നടപടി നിര്‍ത്താന്‍ ഇസ്രായേലിനോട് ഉത്തരവിടാന്‍ ദക്ഷിണാഫ്രിക്ക കോടതിയോട് ആവശ്യപ്പെട്ടു.
രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ വേദിയാണ് ലോക കോടതി എന്നറിയപ്പെടുന്ന ഹേഗിലെ ഐസിജെ. യുഎന്നിന്റെ പരമോന്നത കോടതിയായി കണക്കാക്കപ്പെടുമ്പോള്‍ തന്നെ, അതിന്റെ വിധികള്‍ ചിലപ്പോള്‍ അവഗണിക്കപ്പെടുന്നു. 2022 മാര്‍ച്ചില്‍ കോടതി റഷ്യയോട് ഉക്രെയ്‌നിലെ സൈനിക നടപടി ഉടന്‍ നിര്‍ത്താന്‍ ഉത്തരവിട്ടെങ്കിലും വിലപ്പോയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്