കീവ്: റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഉക്രെയ്‌നില്‍ കനത്ത നാശനഷ്ടം. മധ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലും അടുത്തുള്ള ആശുപത്രിയിലും മിസൈലുകള്‍ പതിച്ചതിനെ തുടര്‍ന്ന് 41 പേര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
2022 ഫെബ്രുവരി 24 ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം റഷ്യ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇത്. ഉക്രെയ്‌നിന്റെ മധ്യമേഖലയായ പോള്‍ട്ടാവയാണ് റഷ്യ ലക്ഷ്യമിട്ടത്.
'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സിന്റെ ഒരു കെട്ടിടം ഭാഗികമായി തകര്‍ന്നു. ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടു,' ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി തന്റെ ടെലിഗ്രാം ചാനലില്‍ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണത്തിന് സെലെന്‍സ്‌കി ഉത്തരവിട്ടു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി നിമിഷങ്ങള്‍ക്കകം മിസൈലുകള്‍ പതിച്ചു. ബോംബ് ഷെല്‍ട്ടറുകളിലേക്ക് ഓടിയ നിരവധി സാധാരണക്കാരും ആക്രമണത്തിനിരയായി.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത 11 പേര്‍ ഉള്‍പ്പെടെ 25 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
തിങ്കളാഴ്ച രാത്രി ഉക്രെയ്‌നിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തെ സപ്പോരിസിയ മേഖലയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ എട്ട് വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മധ്യ നഗരമായ ഡിനിപ്രോയില്‍ മറ്റൊരു മിസൈല്‍ ആക്രമണത്തില്‍ മൂന്നാമതൊരാളും മരിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉക്രെയ്ന്‍ 11 സെറ്റില്‍മെന്റുകളിലായി 313 ആക്രമണങ്ങള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചെന്ന് റീജണല്‍ ഗവര്‍ണര്‍ ഇവാന്‍ ഫെഡോറോവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്