പാരീസ്: പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചതിനോട് മുഖംതിരിച്ച് യുഎസും ഇസ്രായേലും. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ പാലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രഖ്യാപനം നടത്തുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.
ഗാസയില്‍ 20 ലക്ഷത്തിലധികം ആളുകള്‍ അനുഭവിക്കുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് യാതൊരു അയവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്. ഗാസയില്‍ മാനുഷിക സഹായം എത്തുന്നത് ഉള്‍പ്പെടെ വിലക്കിയ ഇസ്രായേലിന്റെ നടപടിയില്‍ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാന പ്രേമികള്‍ ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
അതേസമയം ഫ്രാന്‍സിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന ഹമാസിന്റെ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുഖത്തേറ്റ അടിയാണ് ഫ്രാന്‍സിന്റെ പ്രഖ്യാപനം എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിമര്‍ശിച്ചു. ഹമാസിന്റെ പ്രചാരണത്തിന് മാത്രം ഉപകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത തീരുമാനമാണ് ഫ്രാന്‍സിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിയെ അമേരിക്ക ശക്തമായി തള്ളിക്കളയുന്നതായും മാര്‍ക്കോ റൂബിയോ എക്സില്‍ കുറിച്ചു.
പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഭീകരതയ്ക്കുള്ള പ്രതിഫലമാണെന്നും ഫ്രാന്‍സിന്റെ ഈ പ്രഖ്യാപനം ഇസ്രയേലിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
പലസ്തീനെ അംഗീകരിക്കുന്ന ഏറ്റവും ശക്തമായ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. ഐക്യരാഷ്ട്ര സഭയിലെ 193 അംഗ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ ഇതിനകം അംഗീകരിക്കുന്നുണ്ട്. യുഎസ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഇതിനോട് മുഖം തിരിച്ചു നില്‍ക്കുന്നത്.
ഇസ്രായേലിന്റെ നടപടികള്‍ മൂലം 20 ലക്ഷത്തിലേറെ പേര്‍ ഭക്ഷണമില്ലാതെ മരിക്കുമെന്ന മുന്നറിയിപ്പുകള്‍ നേരത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ നല്‍കിയിരുന്നു. ഗാസയിലെ ആളുകള്‍ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ അല്ലെന്നും അവര്‍ സഞ്ചരിക്കുന്ന ശവശരീരങ്ങളാണെന്നുമുള്ള ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനിയുടെ പ്രസ്താവന ലോകം ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 45 പേര്‍ ഉള്‍പ്പെടെ കുറഞ്ഞത് 113 പേര്‍ പട്ടിണി മൂലം ഗാസയില്‍ മരിച്ചെന്നാണ് കണക്കുകള്‍.
ഗാസയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നോര്‍വേ, സ്പെയിന്‍, അയര്‍ലന്‍ഡ്, സ്ലോവേനിയ എന്നിവ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീനെ പിന്തുണയ്ക്കുന്നത് ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
ഫ്രാന്‍സിന്റെ നീക്കത്തെ ഹമാസും സ്പെയ്നും സ്വാഗതം ചെയ്തു. ബെഞ്ചമിന്‍ നെതന്യാഹു നശിപ്പിക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ ഒരുമിച്ച് സംരക്ഷിക്കണമെന്നും ദ്വിരാഷ്ട്ര ഫോര്‍മുലയാണ് ഏക പരിഹാരമെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, മാക്രോണിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയവും മാക്രോണിന്റെ പ്രഖ്യാപനത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു. മറ്റ് രാജ്യങ്ങളോടും ഈ നിലപാട് പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
