ദോഹ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറബ് നേതാക്കൾ ദോഹയിൽ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വൈകുന്നേരം ദോഹയിലെത്തി. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയിലെയും ജോർദാനിലെയും നേതാക്കളും ഇന്ന് ദോഹയിലെത്തുന്നുണ്ട്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ-ഷാഷ്മിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ലോകരാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് ഖത്തറിൽ ഇസ്രയേലിന്‍റെ ആക്രമണം നടന്നത്. വെടിനിർത്തൽ ചർച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം.
ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിരുന്നു. ഹമാസ് തലവനടക്കം 6 പേരെ വധിച്ചെന്നും അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണമെന്നും ആണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രയേൽ നടപടി ഭീരുത്വമെന്നായിരുന്നു ഖത്തറിന്‍റെ പ്രതികരണം. ഖത്തറിനെ പിന്തുണച്ചും ആക്രമണത്തെ അപലപിച്ചും അറബ് രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പിന്നാലെ മധ്യസ്ഥശ്രമങ്ങൾ നിർത്തിവെച്ചതായി ഖത്തർ അറിയിച്ചു. ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യൻ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രംഗത്തെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം അൽതാനിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഖത്തറിനുള്ള പിന്തുണ അറിയിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
