കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകുന്നേരം കൊളംബോയില്‍ എത്തി. മഴയെ അവഗണിച്ച് രാത്രി 9 മണിക്ക് അദ്ദേഹം ബന്ദാരനായകെ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോള്‍ ആറ് ശ്രീലങ്കന്‍ മന്ത്രിമാര്‍ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.
ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത്, ആരോഗ്യ-മാധ്യമ മന്ത്രി നളിന്ദ ജയതിസ്സ, തൊഴില്‍ മന്ത്രി അനില്‍ ജയന്ത, ഫിഷറീസ് മന്ത്രി രാമലിംഗം ചന്ദ്രശേഖര്‍, വനിതാ-ശിശുക്ഷേമ മന്ത്രി സരോജ സാവിത്രി പോള്‍രാജ്, ശാസ്ത്ര സാങ്കേതിക മന്ത്രി ക്രിഷന്ത അബേസേന എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.
സന്ദര്‍ശന വേളയില്‍, ഏപ്രില്‍ 5 ന് പ്രസിഡന്റ് അനുര കുമാര ദിസനായകേയുമായി മോദി വിപുലമായ ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, ഊര്‍ജ്ജ സുരക്ഷ, ഡിജിറ്റലൈസേഷന്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ പത്ത് സുപ്രധാന തീരുമാനങ്ങള്‍ ഇന്ത്യയും ശ്രീലങ്കയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീലങ്ക സാമ്പത്തിക സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മൂന്ന് വര്‍ഷം മുമ്പ്, രാജ്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. 4.5 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ അപ്പോള്‍ നല്‍കിയത്.
രണ്ട് ദിവസത്തെ ബാങ്കോക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ശ്രീലങ്കന്‍ തലസ്ഥാനത്ത് എത്തിയത്. ബാങ്കോക്കില്‍ പ്രധാനമന്ത്രി മോദി ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കുകയും തായ് പ്രധാനമന്ത്രി പെയ്തോങ്ടാണ്‍ ഷിനവത്ര, ബംഗ്ലാദേശ് സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെ, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്