ബാങ്കോക്ക്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി തായ്ലന്‍ഡില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന ഭരണകൂടം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശ് ഉന്നത നേതൃത്വത്തിലുള്ള ഒരു വ്യക്തിയുമായുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ബിംസ്റ്റെക് ഉച്ചകോടിക്കിടെ യൂനുസും പ്രധാനമന്ത്രി മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ ബംഗ്ലാദേശ് ശ്രമിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇരിക്കുന്നതിന് മുമ്പ് ഇരു നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്തതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച രാത്രി ബിംസ്റ്റെക് നേതാക്കളുടെ അത്താഴവിരുന്നില്‍ മോദിയും യൂനുസും അടുത്തടുത്ത് ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞയാഴ്ച, ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി യൂനുസിന് കത്ത് എഴുതിയിരുന്നു. പരസ്പര സംവേദനക്ഷമതയുടെ പ്രാധാന്യം അതില്‍ എടുത്തുകാണിച്ചു.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ സംബുന്ധിച്ച പരാമര്‍ശത്തിലൂടെ യൂനുസ് ഇന്ത്യയെ പ്രകോപിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച. ചൈന സന്ദര്‍ശന വേളയില്‍, യൂനുസ്, ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ഏക കവാടമായി ബംഗ്ലാദേശിനെ ഉയര്‍ത്തിക്കാട്ടി. 'സെവന്‍ സിസ്റ്റേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തെ ഏഴ് സംസ്ഥാനങ്ങളും കരയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. സമുദ്രത്തിലേക്ക് എത്താന്‍ അവര്‍ക്ക് ഒരു വഴിയുമില്ല. ഈ മേഖലയുടെ സമുദ്രത്തിന്റെ ഏക സംരക്ഷകന്‍ ഞങ്ങളാണ്. അതിനാല്‍ ഇവിടെ ചൈനീസ് സമ്പദ്വ്യവസ്ഥയുടെ ഒരു വിപുലീകരണമാകാം,' നാല് ദിവസത്തെ ചൈന സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു.
യൂനസിന്റെ പരാമര്‍ശങ്ങളും ചൈനയെ ബംഗ്ലാദേശിന്റെ പുതിയ പങ്കാളിയായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും ന്യൂഡല്‍ഹിയും ധാക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി. ഷെയ്ഖ് ഹസീനക്ക് ഇന്ത്യ രാഷ്ട്രീയ അഭയം കൊടുത്തതും യൂനുസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഇന്ത്യ ചെവികൊണ്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്