സംഘര്‍ഷം യുദ്ധമുഖത്തേക്ക്; ട്രംപിനെ കറുത്ത ശവപ്പെട്ടിയില്‍ കിടത്തിയ രീതിയിലുള്ള കൂറ്റന്‍ ബോര്‍ഡുമായി ഇറാന്‍

JULY 16, 2026, 6:59 AM

ടെഹ്‌റാന്‍: പടിഞ്ഞാറന്‍ ഏഷ്യയെ വീണ്ടുമൊരു യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന പരസ്യമായ ഭീഷണി സന്ദേശവുമായി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ പ്രത്യക്ഷപ്പെട്ട കൂറ്റന്‍ ബോര്‍ഡ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് എണ്ണയൊഴിച്ചിരിക്കുകയാണ്.

ടെഹ്റാനിലെ പ്രധാന കേന്ദ്രമായ എന്‍ഗെലാബ് സ്‌ക്വയറിലാണ് ഡൊണാള്‍ഡ് ട്രംപിനെ കറുത്ത ശവപ്പെട്ടിയില്‍ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമാകാരമായ ഹോര്‍ഡിങ് സ്ഥാപിച്ചിരിക്കുന്നത്. അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്‌കാര ചടങ്ങില്‍ ഉപയോഗിച്ചതിന് സമാനമായ കറുത്ത കോണ്‍ക്രീറ്റ് ഫലകങ്ങള്‍ കൊണ്ടുള്ള ശവപ്പെട്ടിയില്‍, ചുവന്ന ടൈ ധരിച്ച് കൈകള്‍ പിണച്ചുവെച്ചു കിടക്കുന്ന ട്രംപിന്റെ ചിത്രമാണ് ഇതിലുള്ളത്. ഇംഗ്ലീഷിലും പേര്‍ഷ്യനിലും ട്രംപിനെതിരെയുള്ള വധഭീഷണി ഇതില്‍ വ്യക്തമായി കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മിനാബിലെ പ്രൈമറി സ്‌കൂളിന് നേരെ നടന്ന ആക്രമണത്തെ പരാമര്‍ശിച്ച് 'മിനാബിലെ കുട്ടികളുടെ സ്മരണാര്‍ത്ഥം' എന്ന വാചകവും ഈ ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രകോപനം.

യുഎസ് ആക്രമണങ്ങള്‍ ജനവാസ മേഖലകളായ ആശുപത്രികള്‍ക്കും ഫാക്ടറികള്‍ക്കും സമീപം കടുത്ത ആഘാതമുണ്ടാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, തങ്ങളുടെ പൗരന്മാരുടെ വധത്തിന് പകരമായി കടുത്ത പ്രതികാരം ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം.

അതേസമയം, ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്കയും സൈനിക നടപടികള്‍ വിപുലീകരിച്ചിരിക്കുകയാണ്. നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച കപ്പലുകളെയും വടക്കന്‍ മേഖലയിലെ ഇറാനിയന്‍ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് യുഎസ് പുതിയ വ്യോമാക്രമണങ്ങള്‍ നടത്തി. ട്രംപിനെ വധിക്കാന്‍ ഇറാന്‍ രഹസ്യമായി പദ്ധതിയിടുന്നതായി ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി വാള്‍ സ്ട്രീറ്റ് ജേണലും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അന്തരീക്ഷം കൂടുതല്‍ വഷളായത്. ഈ വധശ്രമ നീക്കങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി യുഎസ് ഏജന്‍സികളും സ്ഥിരീകരിക്കുന്നു.

തനിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ഇറാന് നേരെ പ്രയോഗിക്കാന്‍ ആയിരക്കണക്കിന് മിസൈലുകള്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപും തിരിച്ചടിച്ചു. വധശ്രമമുണ്ടായാല്‍ ഇറാനെതിരെ ഉടനടി തിരിച്ചടി നല്‍കാന്‍ യുഎസ് സൈന്യത്തിന് ഇതിനകം തന്നെ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. നിലവില്‍ രാജ്യാന്തര വാണിജ്യ കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്കാണ് ഇരുവിഭാഗത്തിന്റെയും പ്രധാന യുദ്ധക്കളമായി മാറിയിരിക്കുന്നത്. ഇവിടുത്തെ കപ്പലുകള്‍ക്ക് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷി തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നു.

പശ്ചിമേഷ്യയിലെ സമാധാനത്തിനായി ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാ പത്രത്തിന്റെ കാലാവധി കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേയാണ് മേഖലയെ വീണ്ടും യുദ്ധത്തിന്റെ നിഴലിലാഴ്ത്തിക്കൊണ്ട് ഈ പുതിയ സൈനിക സമാധാന ലംഘനങ്ങള്‍ ഉണ്ടായിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam