ബ്രസല്‍സ്: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിക്ക് വലിയ ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍, ലോകത്തെ സമുദ്ര നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഇതിനായി 92 ദശലക്ഷം യൂറോയുടെ (ഏകദേശം 107 ദശലക്ഷം ഡോളര്‍) വന്‍ നിക്ഷേപമുള്ള 'ഓഷ്യന്‍ ഐ' പദ്ധതി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പ്രഖ്യാപിച്ചു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കുള്ള ഫണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ നിര്‍ണായക നീക്കം.
എന്താണ് 'ഓഷ്യന്‍ ഐ' പദ്ധതി?
സമുദ്രത്തിന്റെ ആഴങ്ങളിലെ മാറ്റങ്ങളും അന്തരീക്ഷ വ്യതിയാനങ്ങളും കൃത്യമായി നിരീക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ (കടലിനടിയില്‍ സഞ്ചരിക്കുന്ന റോബോട്ടുകള്‍), സമുദ്ര നിരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുക. ശേഖരിക്കുന്ന തത്സമയ വിവരങ്ങള്‍ ഉപയോഗിച്ച് സമുദ്രങ്ങളുടെ ഒരു വെര്‍ച്വല്‍ റിയാലിറ്റി മാതൃകയായ 'ഡിജിറ്റല്‍ ട്വിന്‍ ഓഷ്യന്‍' നിര്‍മ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2035 ഓടെ ലോകത്തെ സമുദ്ര വിവരശേഖരണ ശൃംഖലയുടെ 35 ശതമാനവും തങ്ങളുടെ കീഴിലാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്.
ഭൂമിയുടെ 70 ശതമാനവും സമുദ്രങ്ങളാണ്. നമ്മള്‍ ശ്വസിക്കുന്ന ഓക്‌സിജന്റെ വലിയൊരു പങ്ക് ഉത്പാദിപ്പിക്കുന്നതും ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യുന്നതും സമുദ്രങ്ങളാണ്. എന്നാല്‍ ആഗോളതാപനം മൂലം കടലിലെ താപനില അതിവേഗം ഉയരുകയാണ്. ഇത് അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്കും വന്‍ വരള്‍ച്ചയ്ക്കും കാരണമാകുന്നു. സമുദ്രങ്ങളെ നിരീക്ഷിക്കുന്നതിലൂടെ മാത്രമേ ജീവജാലങ്ങളുടെ വംശനാശം തടയാനും മത്സ്യബന്ധന മേഖലയെ സംരക്ഷിക്കാനും ആവശ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ.
തിരിച്ചടിയായി അമേരിക്കയുടെ പിന്മാറ്റം
ആഗോള സമുദ്ര നിരീക്ഷണ ഡാറ്റയുടെ പകുതിയില്‍ അധികവും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നത് അമേരിക്കയാണ്. എന്നാല്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചിരുന്ന 'ഓഷ്യന്‍ ഒബ്‌സര്‍വേറ്ററീസ് ഇനിഷ്യേറ്റീവ്' എന്ന ഭീമന്‍ പദ്ധതിയുടെ ഫണ്ട് 80 ശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. 386 ദശലക്ഷം ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ച, 900 ലധികം സെന്‍സറുകളുള്ള ഈ അമേരിക്കന്‍ ശൃംഖല പെട്ടെന്ന് നിര്‍ത്തലാക്കുന്നത് ആഗോള ശാസ്ത്ര ലോകത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഈ വിടവ് നികത്താന്‍ കൂടിയാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ലഭ്യമാകുന്ന സമുദ്ര വിവരങ്ങള്‍ വിവിധ മേഖലകള്‍ക്ക് ഏറെ നിര്‍ണായകമാകും. കടലിലെ മത്സ്യ ലഭ്യതയെയും അവയുടെ സ്ഥാന ചലനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കുന്നത് മത്സ്യബന്ധന, അക്വാകള്‍ച്ചര്‍ മേഖലകള്‍ക്ക് വലിയ സഹായമാകും. കപ്പല്‍ ഗതാഗത രംഗത്ത്, സമുദ്രത്തിലെ മഞ്ഞുമലകളെക്കുറിച്ചും മോശം കാലാവസ്ഥയെക്കുറിച്ചും മുന്‍കൂട്ടി മനസിലാക്കി സുരക്ഷിതമായി യാത്ര ആസൂത്രണം ചെയ്യാന്‍ ഇത് സഹായിക്കും. കൂടാതെ തീരദേശ ടൂറിസം, കൃഷി എന്നിവയെ ബാധിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഈ ഡാറ്റ ഉപകരിക്കും. വിവിധ രാജ്യങ്ങളുടെ നാവിക സേനകള്‍ക്ക് അവരുടെ സുരക്ഷാ നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ഈ ആധുനിക സമുദ്ര വിവര ശേഖരണം വഴി സാധിക്കും.
നമ്മുടെ സമുദ്രങ്ങളെ മനസിലാക്കാനും സുരക്ഷിതമായ ഒരു ഭാവി കെട്ടിപ്പടുക്കാനും ശാസ്ത്രത്തെയും മികച്ച ഭരണസംവിധാനത്തെയും ഒരുമിച്ച് ഉപയോഗിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
