സൂപ്പർതാരങ്ങളായ രജനീകാന്തും കമൽ ഹാസനും ഒന്നിക്കുന്ന, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തലൈവർ 173. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ലോകേഷ് കനകരാജ് ആയിരിക്കുമെന്നാണ് ആദ്യമെല്ലാം പുറത്തുവന്നിരുന്ന വാർത്തകൾ.
എന്നാൽ ഒന്നര മാസത്തോളം ചിത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം അദ്ദേഹം ഇതിൽ നിന്ന് പിന്മാറി. ലോകേഷ് സംവിധാനം ചെയ്ത്, രജനീകാന്ത് നായകനായ കൂലി എന്ന ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നില്ല. അതിനാൽ പുതിയ ചിത്രത്തിൽ നിന്ന് ലോകേഷിനെ മാറ്റുകയാണെന്നായിരുന്നു നേരത്തേ പ്രചരിച്ച അഭ്യൂഹം.
എന്നാൽ തൻ്റെ മുൻകാല സിനിമകളുടെ സ്വീകാര്യതയുമായി ബന്ധപ്പെട്ടല്ല ചിത്രത്തിൽ നിന്നുള്ള പിന്മാറ്റമെന്ന് പറയുകയാണ് ലോകേഷ് ഇപ്പോൾ. മറിച്ച് ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങളും മറ്റു പൊരുത്തക്കേടുകളുമാണ് കാരണമെന്ന് ചെന്നൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ലോകേഷ് പറഞ്ഞു. ചിത്രത്തിനായി ഒന്നരമാസത്തോളം തിരക്കഥ തയ്യാറാക്കാൻ താൻ സമയം കണ്ടെത്തിയെന്നും ലോകേഷ് വെളിപ്പെടുത്തി.
തുടർച്ചയായി ആക്ഷൻചിത്രങ്ങൾ ചെയ്ത ശേഷം രജനീകാന്തും കമൽ ഹാസനും ഒരു ലൈറ്റർ ടോണിലുള്ള ചിത്രമാണ് ആഗ്രഹിച്ചത്. രജനീകാന്ത് ജയിലർ 2-ലൂടെ ആക്ഷനിലേക്ക് തിരിച്ചെത്തുകയാണ്. കമൽ ഹാസൻ- അൻബറിവ് കൂട്ടായ്മയിൽ മറ്റൊരു പ്രോജക്ട് ഒരുങ്ങുന്നുമുണ്ട്. ലൈറ്റ് ടോണിലുള്ള സിനിമകൾ തൻ്റെ പ്രവർത്തനമേഖലയല്ലെന്നും അതുകൊണ്ടാണ് മാറിനിന്നതെന്നും ലോകേഷ് തുറന്നുപറഞ്ഞു.
പ്രതിഫലവുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, മൈത്രി മൂവി മേക്കേഴ്സിനോടുള്ള പഴയൊരു പ്രതിബദ്ധത കണക്കിലെടുത്ത്, അല്ലു അർജുനൊപ്പമുള്ള തൻ്റെ അടുത്ത പ്രോജക്റ്റിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
