മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തന്റെ സംഗീതം കൊണ്ട് തരംഗമായി മാറിയ മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് കന്നഡ സിനിമയിലും അരങ്ങേറ്റം കുറിക്കുന്നു. കന്നഡ താരം ഗോർഡൻ സ്റ്റാർ ഗണേഷ് നായകനാവുന്ന ഈ ചിത്രം ഒരുക്കുന്നത് ശ്രീനിവാസ് രാജുവാണ്. ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ദേവിക ഭട്ട് ആണ് നായികയായി എത്തുന്നത്. ഇപ്പോൾ മൈസൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ആഴ്ച മൈസൂരിൽ വെച്ച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ ഭാര്യ ഐഷത്ത് സഫയോടൊപ്പം ഹിഷാം അബ്ദുൾ വഹാബും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം കന്നഡയിലെ ഏറ്റവും ലാഭം നേടിയ ചിത്രമായ 'കൃഷ്ണം പ്രണയ സഖി' ക്ക് ശേഷം ഗോർഡൻ സ്റ്റാർ ഗണേഷും ശ്രീനിവാസ് രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബ്ലോക്ബസ്റ്റർ ഹിറ്റായ 'കൃഷ്ണം പ്രണയ സഖി' 125 ദിവസത്തോളം പ്രദർശിപ്പിച്ച് വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.
മലയാളത്തിൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലൂടെ ശ്രദ്ധ നേടിയ ഹിഷാം, ഹൃദയത്തിലെ ട്രെൻഡിങ് ഗാനങ്ങളിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ പ്രശസ്തി നേടി. തെലുങ്കിൽ, വിജയ് ദേവരക്കൊണ്ട ചിത്രം 'കുഷി', നാനി ചിത്രം 'ഹായ് നാനാ' ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് സംഗീതം പകർന്ന ഹിഷാം അവിടെയും ഇപ്പൊൾ തിരക്കേറിയ സംഗീത സംവിധായകനാണ്.
അടുത്തിടെ എത്തിയ ജിയോ ഹോട്ട് സ്റ്റാർ വെബ് സീരീസ് കേരള ക്രൈം ഫയൽസ് സീസൺ 2 ന് വേണ്ടിയും ഹിഷാം ഒരുക്കിയ സംഗീതം വൻ ഹിറ്റായി മാറിയിരുന്നു. തമിഴിൽ 'മാമൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹിഷാം, 'വൺസ് മോർ' എന്ന അർജുൻ ദാസ് ചിത്രത്തിനായി ഒരുക്കിയ 'വാ കണ്ണമ്മ' എന്ന ഗാനവും വൻ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രമാണ് ഹിഷാം സംഗീതമൊരുക്കി ഇനി റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം.
കെവിസി പ്രൊഡക്ഷൻസിന്റെ പിന്തുണയോടെ, സമൃദ്ധി മഞ്ജുനാഥ് നിർമ്മിച്ച്, വിരാട് സായ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഹിഷാമിന്റെ കന്നഡ ചിത്രം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു റൊമാന്റിക് ഫാമിലി ഡ്രാമ ആയാണ് ഒരുക്കുന്നത്. വെങ്കട്ട് പ്രസാദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചത് വിജയ് ഈശ്വർ, ക്രാന്തി കുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ രണ്ടു നായികമാരാണ് ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്