തെലുങ്ക് ബോക്സ് ഓഫീസിൽ തീയായി മെഗാസ്റ്റാർ ചിരഞ്ജീവി. ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ 'മന ശങ്കര വര പ്രസാദ് ഗാരു' ബോക്സ് ഓഫീസിൽ നേടുന്നത് ബ്ലോക്ക്ബസ്റ്റർ കളക്ഷൻ. ജനുവരി 12ന് ആഗോള റിലീസായി എത്തിയ ചിത്രം, ഏഴ് ദിവസം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 300 കോടിയിലേക്ക് കുതിക്കുന്നു.
292 കോടിയാണ് ചിത്രം ഇതിനോടകം നേടിയ ആഗോള ഗ്രോസ്. ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. എട്ടാം ദിനം തന്നെ ചിത്രം 300 കോടി ആഗോള ഗ്രോസ് മറികടക്കും. റിലീസ് ആയി ഏഴാം ദിവസവും ചിത്രം നേടിയത് 31 കോടിയുടെ ആഗോള ഗ്രോസ് കളക്ഷനാണ്.
മാത്രമല്ല, 'സംക്രാന്തികി വസ്തുന്നത്തെ' മറികടന്ന് അനിൽ രവിപുടിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും 'മന ശങ്കര വര പ്രസാദ് ഗാരു' മാറി. റിലീസ് ആയിട്ട് ഏഴാം ദിവസം ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ എക്കാലത്തെയും ഉയർന്ന ഷെയർ ലഭിച്ച ചിത്രം കൂടിയാണിപ്പോൾ 'മന ശങ്കര വര പ്രസാദ് ഗാരു'.
സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടെയ്‌ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. പക്കാ ഫാമിലി എന്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ നയൻതാരയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് ചിത്രത്തിൽ അതിഥി താരമായും എത്തിയിട്ടുണ്ട്. കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഗോള തലത്തിൽ തന്നെ വമ്പൻ കളക്ഷനോടെയാണ് ചിത്രം രണ്ടാം വാരത്തിലേക്കും പ്രവേശിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിൽ, ചിരഞ്ജീവിയുടെയും അനിൽ രവിപുടിയുടെയും മുൻകാല ചിത്രങ്ങളുടെ കളക്ഷൻ മറികടന്നു കൊണ്ട് 2.96 മില്യൺ ഡോളറിലധികം ഗ്രോസ് നേടിയ ചിത്രം, ഉടൻ തന്നെ മൂന്ന് മില്യൺ ഡോളർ എന്ന അപൂർവ നേട്ടത്തിലുമെത്തും. ഇരുവരുടെയും കരിയറിൽ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ഈ വേഗതയോടെ തന്നെ ചിത്രം ബോക്സ് ഓഫീസിൽ കുതിച്ചാൽ, ചിരഞ്ജീവിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററായി ചിത്രം ആഗോള തലത്തിൽ ഉയർന്നു വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
