ഹൈദരാബാദ്: പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പ്രതി ചേര്‍ത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 4 ന് രാത്രി 10.30 ഓടെ നടന്ന സംഭവത്തില്‍ 35 കാരിയായ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രേവതിയുടെ 13 വയസ്സുള്ള മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
നടന്‍ അല്ലു അര്‍ജുനെയും തിയേറ്റര്‍ മാനേജ്മെന്റിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയ അല്ലു അര്‍ജുനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയതോടെയാണ് ദുരന്തമുണ്ടായത്.
ഭര്‍ത്താവ് ഭാസ്‌കറിനും അവരുടെ മക്കളായ ശ്രീ തേജ് (13), സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പമാണ് സിനിമാ പ്രദര്‍ശനത്തിന് രേവതി എത്തിയിരുന്നത്. അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ ജനക്കൂട്ടം ആവേശം കാട്ടി തിക്കിത്തിരക്കിയതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
''അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശിക്കുമെന്ന് തിയേറ്റര്‍ മാനേജ്മെന്റിന്റെയോ അഭിനേതാക്കളുടെ ടീമിന്റെയോ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. തിയേറ്റര്‍ മാനേജ്മെന്റ് തിരക്ക് നിയന്ത്രിക്കാന്‍ അധിക വ്യവസ്ഥകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. തിയേറ്റര്‍ മാനേജ്മെന്റിന് അവരുടെ വരവിനെക്കുറിച്ച് വിവരമുണ്ടായിരുന്നെങ്കിലും അഭിനേതാക്കളുടെ ടീമിന് പ്രത്യേക പ്രവേശനമോ എക്‌സിറ്റോ ഉണ്ടായിരുന്നില്ല,'' ഹൈദരാബാദ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
അല്ലു അര്‍ജുന്‍ തന്റെ സ്വകാര്യ സുരക്ഷാദാതാക്കളോടൊപ്പമാണ് സിനിമാ തിയേറ്ററില്‍ എത്തിയതെന്നും അവിടെ കൂടിയിരുന്നവരെല്ലാം അദ്ദേഹത്തോടൊപ്പം തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്