'ഐ ആം സ്റ്റില്‍ ഹിയര്‍' ഓസ്‌കറില്‍ കണ്ണുംനട്ട് ബ്രസീല്‍ 

MARCH 2, 2025, 5:50 PM

ഓസ്‌കറില്‍ വാണിജ്യ സിനിമയുടെ ലോകവേദിയില്‍ ആരാകും ജയിക്കുക എന്നറിയാന്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. ഒപ്പം പതിവില്‍ കവിഞ്ഞ താത്പര്യത്തോടെ ബ്രസീലും ഉണ്ട്. ബ്രസീലില്‍ വലിയ വാണിജ്യവിജയം നേടിയ ചിത്രമായിരുന്നു I'm Still Here. അന്താരാഷ്ട്ര വേദിയിലും ചിത്രം നേട്ടം കുറിക്കുമോ എന്ന് കാത്തിരിക്കുന്നവരില്‍ പ്രസിഡന്റുമുണ്ട്. അഭിമാന നിമിഷമെന്നാണ് സാമൂ ഹികമാധ്യമമായ എക്‌സില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡിസില്‍വ കുറിച്ചത്.

വാതുവെപ്പും നേട്ടം ആഘോഷിക്കാനെന്ത് ചെയ്യണമെന്ന ആലോചനകളും ബ്രസീലില്‍ സജീവം. ചിലരെങ്കിലും പ്രാര്‍ത്ഥനയും പൂജയും മന്ത്രവാദവുമൊക്കെ തുടങ്ങിയിട്ടുമുണ്ട്. ഐ ആം സ്റ്റില്‍ ഹിയര്‍ ഓസ്‌കറില്‍ മിന്നിക്കാന്‍. എന്തുകൊണ്ടാകും ഇത്രമേല്‍ ആകാംക്ഷ ബ്രസീലില്‍ ? ഇതാദ്യമായി ഓസ്‌കറില്‍ മത്സരിക്കാനെത്തുന്ന ബ്രസീലിയന്‍ സിനിമ അല്ല ഐ ആം സ്റ്റില്‍ ഹിയര്‍. ഈ ചിത്രം ഒരുക്കിയ വാര്‍ട്ടര്‍ സാലെസിന്റെ തന്നെ സെന്‍ട്രല്‍ സ്റ്റേഷന്‍ എന്ന സിനിമ 1998ല്‍ വിദേശഭാഷാ ചിത്ര വിഭാഗത്തില്‍ ഓസ്‌കറിനായി മത്സരിച്ചിരുന്നു. പക്ഷേ ഇതാദ്യമായാണ് മികച്ച ചിത്രത്തിനായി ബ്രസീലില്‍ നിന്നുള്ള സിനിമ മത്സരിക്കുന്നത്. ഇതേ സിനിമയിലെ പ്രകടനത്തിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യ ബ്രസീലിയന്‍ നടിയായ ഫെര്‍ണാണ്ട ടോറസ് ഓസ്‌കറും ആദ്യമായി നാട്ടിലേത്തിക്കുമോ എന്ന ആകാംക്ഷയും ബ്രസീലുകാര്‍ക്കുണ്ട്.

രണ്ട് ദശാബ്ദത്തോളം നീണ്ട സൈനിക സ്വേച്ഛാധിപത്യകാലത്ത് പട്ടാളപൊലീസ് പിടിച്ചു കൊണ്ടു പോയ റൂബെന്‍സ് പൈവയുടെ വിവരങ്ങള്‍ അറിയാനും പൊടുന്നനെ താളം തെറ്റിയ ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനും അദ്ദേഹത്തിന്റെ ഭാര്യ യൂനിസ് നടത്തുന്ന പോരാട്ടമാണ് സിനിമ പറയുന്നത്. 1971ലാണ് പാര്‍ലമെന്റ് അംഗമായിരുന്ന റൂബെന്‍സ് പൈവയെ പട്ടാള പൊലീസ് കൊണ്ടുപോയത്. ഭര്‍ത്താവിന് എന്തു സംഭവിച്ച് എന്നറിയാന്‍ വര്‍ഷങ്ങളാണ് യൂനിസ് പോരാടിയത് . അതിനൊപ്പം അഞ്ച് മക്കളെയും വളര്‍ത്തണമായിരുന്നു യൂനിസിന്. മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന അഭിഭാഷകയായി യൂനിസ് മാറുന്നതും ജീവിതത്തിലെ പ്രതിസന്ധികള്‍ നല്‍കിയ കരുത്തിലാണ്. 96 ലാണ് റൂബെന്‍സിന്റ മരണ സര്‍ട്ടിഫിക്കറ്റ് യൂനിസിന് കിട്ടുന്നത്. ഈ കഥയാണ് ഐ ആം സ്റ്റില്‍ ഹിയര്‍ പറയുന്നത്.

അള്‍ഷിമേഴ്‌സിന്റെ ഇരുട്ട് അമ്മയുടെ ഓര്‍മകള്‍ക്ക് മേല്‍ മറവിയുടെ മാറാപ്പ് മൂടും മുമ്പ് യൂനിസിന്റെയും റൂബെന്‍സിന്റെയും മകന്‍ മാര്‍സെലോ പൈവ ആ പോരാട്ടം പുസ്തകമാക്കിയിരുന്നു. 2015 ല്‍ ലിറങ്ങിയ ആ പുസ്തകമാണ് സിനിമയിലേക്കുള്ള വഴി സാലെസിന് മുന്നില്‍ തുറന്നിട്ടത്. ഒപ്പം കൗമാരകാലത്ത് അവരുടെ വീട്ടില്‍ പോയതിന്റെ നല്ല ഓര്‍മകള്‍ മനസ്സിലുണ്ടായിരുന്നതും സാലെസിന് തുണയായി. എന്നിട്ടും വര്‍ഷങ്ങളെടുത്തു സിനിമ പൂര്‍ത്തിയാക്കാന്‍ . ചരിത്രം നന്നായി പറയാനെടുത്ത ശ്രദ്ധയും ജാഗ്രതയും മാത്രമായിരുന്നില്ല കാരണം. ഏകാധിപത്യഭരണം കൂടിയായിരുന്നു.  ബോല്‍സൊണാറോയുടെ സര്‍ക്കാരായിരുന്നു അപ്പോള്‍ ഭരണത്തില്‍.

തിരഞ്ഞെടുപ്പില്‍ ലുല ഡിസില്‍വ ജയിച്ചപ്പോള്‍ ബോല്‍സൊണാറോ തോല്‍വി സമ്മതിക്കാതിരുന്നതും പിന്നാലെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടതും കുറേ നാളുകള്‍ക്കിപ്പുറം അട്ടിമറിക്ക് ബോല്‍സൊണാറോ ശ്രമിച്ചെന്ന് സുപ്രീംകോടതി വിധിച്ചതുമെല്ലാം കഴിഞ്ഞിട്ട് അധികം നാളായില്ല. അതുകൊണ്ട് തന്നെ ഏകാധിപത്യഭരണത്തിന്റെ ഇരുണ്ട വശങ്ങള്‍ നല്ലപോലെ ഓര്‍മയിലുണ്ട് ബ്രസീലുകാര്‍ക്ക്. ഭയവും വെപ്രാളവും തന്നിരുന്ന ഭൂതകാലം ഭാവിയിലേക്ക് നല്‍കുന്ന ചില മുന്‍കരുതലുകള്‍ ആണ് മികച്ച ദൃശ്യഭാഷയുടെയും നിര്‍മാണ മികവിന്റേയും അകമ്പടിയോടെ അവതരിപ്പിച്ച ഐ ആം സ്റ്റില്‍ ഹിയര്‍ അവര്‍ വരവേറ്റു. ഇത് എന്റെ കഥയാണ്, എന്റെ കുടുബത്തിന്റെ കഥയാണെന്ന് ഓരോ ബ്രസീലുകാരനും തോന്നി. അങ്ങനെ ഹാസ്യപ്രധാനമായതോ ത്രില്ലറുകളോ ആയ സിനിമകള്‍ പൊതുവെ ഹിറ്റാകുന്ന നാട്ടില്‍ ഐ ഐം സ്റ്റില്‍ ഹിയര്‍ മെഗാ ഹിറ്റായി.

സ്വന്തം നാട്ടില്‍ കിട്ടിയ ജനപ്രീതിയും അംഗീകാരവും ഐ ആം സ്റ്റില്‍ ഹിയര്‍ എന്ന സിനിമക്ക് ഓസ്‌കര്‍ വേദിയിലും കിട്ടിയാല്‍ അത് ബ്രസീലിന് മാത്രമല്ല സന്തോഷം തരിക, മറിച്ച് ഏകാധിപത്യരീതികള്‍ കളം നിറയുന്ന ഏത് നാട്ടിലെയും സാധാരണക്കാര്‍ക്കാണ്. കാരണം ഓര്‍മകള്‍ മായിക്കാനായി ചരിത്രം തിരുത്തുകയെന്ന ഏകാധിപതികളുടെ പൊതുരീതിക്ക് എപ്പോഴും ഇങ്ങനെയൊക്കെയാണ് മറുപടി കിട്ടുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam