മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന 'അതിഭീകര കാമുകൻ' നാളെ പ്രദർശനത്തിനെത്തുന്നു. ലുക്മാൻ അർജുൻ എന്ന കഥാപാത്രത്തെയും, ദൃശ്യ രഘുനാഥ് അനു എന്ന നായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ വാർത്ത. റൊമാന്റിക് കോമഡി ഫാമിലി ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം വേറിട്ടൊരു കുടുംബകഥ പറയുന്നതിനൊപ്പം മനോഹരമായ പ്രണയ നിമിഷങ്ങളും പ്രേക്ഷകർക്കായി സമ്മാനിക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞ് 6 വർഷത്തിനുശേഷം കോളേജ് പഠനത്തിനായി പോകുന്ന യുവാവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ 6 വർഷത്തെ ഇടവേളയാണ് ചിത്രത്തെയും ലുക്മാൻ ചെയ്യുന്ന അർജുൻ എന്ന കഥാപാത്രത്തെയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ലുക്മാൻ ലുക്കു എന്നറിയപ്പെടുന്ന ലുക്മാൻ അവറാൻ, ഇതിനോടകം 20 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലപ്പുറത്തെ ചങ്ങരംകുളത്ത് കൊളടിക്കൽ അവറാൻ ഹലീമ ദമ്പതികളുടെ മകനായ ലുക്മാൻ റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിരുദം നേടിയിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ 'കിട്ടുവോ' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ലുക്മാന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഹർഷദ് പി.കെ.യും മുഹ്‌സിൻ പരാരിയും ചേർന്ന് രചിച്ച 'ദയോം പന്ത്രാണ്ടം' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവന്നത്. പക്ഷെ സപ്തമശ്രീ തസ്‌കരാഃ ആണ് പുറത്തിറങ്ങിയ ആദ്യ സിനിമ. സിനിമയിൽ സജീവമായതും സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിൽ അഭിനയിച്ചതും വീട്ടുകാർക്കാർക്ക് അറിവുണ്ടായിരുന്നില്ല. കെ.എൽ പത്ത് എന്ന ചിത്രത്തിൽ അഭിനയിച്ച്, ചിത്രം പുറത്തുവന്നതിനു ശേഷമാണ് സിനിമാ ജീവിതത്തെപ്പറ്റിയും സിനിമയാണ് താല്പര്യം എന്നും വീട്ടുകാർ അറിയുന്നതു തന്നെ. പിന്നീട് ഹർഷദ് പി.കെ. സംവിധാനം ഉണ്ട, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ കൂടുതൽ ശ്രദ്ധ നേടാൻ ലുക്മാന് കഴിഞ്ഞു. അതോടൊപ്പം ഉണ്ട സിനിമയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ള ബിജു കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം നിരവധി പ്രേക്ഷക നിരൂപക പ്രശംസ ലുക്മാന് നേടികൊടുക്കുകയും ചെയ്തിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ അജഗജാന്തരം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വരികയും തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച ഓപ്പറേഷൻ ജാവയിൽ, ബാലു വർഗീസിനൊപ്പം വിനയ ദാസനായി ഒരു പ്രധാന വേഷം ചെയ്യുകയും അതും ഒട്ടേറെ കയ്യടികൾ നേടുകയും ചെയ്തു. ലുക്മാൻ പ്രധാന കഥാപാത്രങ്ങളിലൊന്നായി വന്ന 'സൗദി വെള്ളക്ക' എന്ന ചിത്രം 2022 നവംബറിൽ ഗോവയിൽ നടന്ന 53 -ാമത് ഐഎഫ്എഫ്‌ഐയിൽ പ്രദർശിപ്പിച്ചു. ടോവിനോ തോമസിനൊപ്പം മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി വന്ന തല്ലുമാലയാണ് ലുക്മാന് കരിയർ ബ്രേക്ക് നൽകിയ ചിത്രം. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയാണ് ലുക്മാന്റെ ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് ലുക്മാൻ മികച്ച പ്രേക്ഷക പ്രതികരണവും നേടി. ചിത്രത്തിനായി ആറ് മാസത്തോളം ബോക്‌സിങിലും വെയ്റ്റിങ്ങിലും പരിശീലനം നേടിയാണ് ലുക്മാൻ ആ കഥാപാത്രം ചെയ്തത്. സാധാരണ 'നായക' രൂപമോ ശരീരഭാഷയോ ഇല്ലാതെ, ലുക്മാൻ ഒരു അടുത്ത വീട്ടിലെ ആളായി പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് കൊറോണ ധവാൻ സിനിമക്ക് വൻ സ്വീകാര്യത പ്രേക്ഷകരിൽ ഉണ്ടാക്കി കൊടുത്തത്. പെരുമാനി സിനിമയിലെ നായിക കഥാപാത്രത്തോടൊപ്പമുള്ള കാഷ്വൽ റൊമാന്റിക് കെമിസ്ട്രിയാണ് ലുക്മാനെ ആ ചിത്രത്തിൽ വേറിട്ടു നിർത്തിയത്. വാസുദേവൻ എന്ന പേടിത്തൊണ്ടൻ പോലീസുകാരനായി ലുക്മാൻ അവറാൻ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച സിനിമയായിരുന്നു അഞ്ചക്കള്ളകോക്കാൻ. നിസ്സാരമായ വേഷങ്ങൾ പോലും വ്യക്തതയോടെ കൈകാര്യം ചെയ്യുന്ന മികച്ച നടനായാണ് ലുക്മാൻ അനുദിനം വളർന്നു കൊണ്ടിരിക്കുന്നത്. പ്രേം നസീർ സാംസ്‌കാരിക സാഹിതി അവാർഡ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ പ്രത്യേക ജൂറി അവാർഡ് എന്നിവയും ലുക്മാന് ലഭിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ, 2016ൽ ഫ്രം ഫ്രീടൗൺ ടിഎൽ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.
ലുക്മാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'അതിഭീകര കാമുകൻ' സിനിമയിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ, സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനവും മലയാളം ട്രെൻഡിങ് റാപ്പർ ഫെജോ പാടിയ ഗാനവും ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. ബിബിൻ അശോക് സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് സ്വന്തമാക്കിയത്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‌സെറ്റ്ട്ര എന്റർടെയ്ൻമെന്റ്‌സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.
രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്‌സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ : ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വി.യു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്‌സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, ഡിസൈൻ: ടെൻപോയ്ന്റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, വിതരണം: സെഞ്ച്വറി റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
