ഒന്റാറിയോ: കാട്ടുതീ നിയന്ത്രണത്തില്‍ കാനഡയ്ക്കെതിരെ ട്രംപ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് രംഗത്ത്. കാനഡയിലെ വനസംരക്ഷണ രീതികള്‍ പരാജയപ്പെട്ടതാണ് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പുക പടരാന്‍ കാരണമായതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന തികച്ചും അസ്വീകാര്യമാണെന്ന് ഡഗ് ഫോര്‍ഡ് വ്യക്തമാക്കി.
കാനഡ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സമാനമായ സാഹചര്യം അമേരിക്കയ്ക്കാണ് ഉണ്ടായതെങ്കില്‍ അയല്‍ക്കാരെ സഹായിക്കാന്‍ കാനഡ മുന്നിലുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വനസംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ട്രംപിന്റെ ആഗ്രഹമെങ്കില്‍ കനേഡിയന്‍ സോഫ്റ്റ്വുഡ് ലംബറിന്മേല്‍ (Softwood lumber) അമേരിക്ക ചുമത്തിയിരിക്കുന്ന നികുതികള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും പ്രീമിയര്‍ പരിഹസിച്ചു.
നിലവില്‍ കാനഡയിലെ ജനസംഖ്യ കൂടിയ പ്രവിശ്യയായ ഒന്റാറിയോയില്‍ മാത്രം ആറര ലക്ഷത്തിലധികം ഹെക്ടര്‍ വനപ്രദേശമാണ് കത്തിയമരുന്നത്. ദുരന്തബാധിതരെ സഹായിക്കാനും തീ നിയന്ത്രണവിധേയമാക്കാനും ഫണ്ടിന്റെ കാര്യത്തില്‍ യാതൊരുവിധ പരിധികളും നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഡഗ് ഫോര്‍ഡ്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കനത്ത പുകപടലങ്ങള്‍ കാരണം ജനവാസമേഖലയായ ഫോര്‍ട്ട് ഹോപ്പില്‍ നിന്നും ജനങ്ങളെ കനേഡിയന്‍ സായുധ സേനയുടെ വിമാനങ്ങള്‍ വഴി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി ഫെഡറല്‍ എമര്‍ജന്‍സി മന്ത്രി എലീനര്‍ ഓള്‍ഷെവ്‌സ്‌കി അറിയിച്ചു.
കാനഡയിലെ കാട്ടുതീയെത്തുടര്‍ന്നുണ്ടായ പുക അതിര്‍ത്തി കടന്ന് അമേരിക്കയുടെ വിര്‍ജീനിയ, പെന്‍സില്‍വേനിയ, വാഷിംഗ്ടണ്‍ തുടങ്ങിയ വിവിധ നഗരങ്ങളിലെ വായുനിലവാരത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തെ പുക കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്റാറിയോയിലെ വനപ്രദേശങ്ങളില്‍ തീ പടരുന്നതിന്റെ വേഗത കുറഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അനുകൂലമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും ഒന്റാറിയോ പ്രകൃതിവിഭവ മന്ത്രി മൈക്ക് ഹാരിസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
