ഒട്ടാവ: ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കും വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കും ഇടയില്‍ ബാങ്ക് ഓഫ് കാനഡ തങ്ങളുടെ അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് പലിശനിരക്ക് നിലവിലുള്ള 2.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് തീരുമാനിച്ചത്. ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് കേന്ദ്ര ബാങ്ക് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്.
സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതിയും ആഗോള വിപണിയിലെ ഉയര്‍ന്ന എണ്ണവിലയും സൃഷ്ടിക്കുന്ന ഇരട്ട പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ തല്‍ക്കാലം ഈ പൊരുത്തപ്പെടല്‍ ആവശ്യമാണെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മാക്ലെം വ്യക്തമാക്കി. കേന്ദ്ര ബാങ്കിന്റെ ഈ പ്രഖ്യാപനത്തോട് ധനകാര്യ വിപണി വളരെ ശാന്തമായാണ് പ്രതികരിച്ചത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കനേഡിയന്‍ ഡോളര്‍ യു.എസ് സെന്റിനെതിരെ 71.76 ല്‍ നിന്നും 71.95 ലേക്ക് നേരിയ മുന്നേറ്റം നടത്തിയെങ്കിലും വൈകാതെ തന്നെ പഴയ നിലയിലേക്ക് തിരിച്ചെത്തി. ബോണ്ട് വിപണിയിലും വലിയ ചലനങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷാവസാനത്തോടെ പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ നേരിയ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ദ്ധരും പ്രവചിക്കുന്നത്.
പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങള്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തുന്ന പുതിയ വ്യാപാര നിയന്ത്രണങ്ങളും സംരക്ഷണ നയങ്ങളും കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിക്കുന്ന മറ്റൊരു ഘടകമാണ്. കഴിഞ്ഞ മാസം കാനഡയില്‍ 88,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായി കുറയുകയും ചെയ്തു. എന്നാല്‍ ഈ നേട്ടം താല്‍ക്കാലികം മാത്രമാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനസംഖ്യയിലെ കുറവ് എന്നിവ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കോ ?
തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ കാനഡയുടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ ഈ ഇടിവ് വളരെ നിസാരമാണെന്നും (0.1 ശതമാനം മാത്രം) സാമ്പത്തിക മാന്ദ്യം എന്ന് ഇതിനെ വിളിക്കാന്‍ സമയമായിട്ടില്ലെന്നുമാണ് ബാങ്ക് ഓഫ് കാനഡയുടെയും മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും വിലയിരുത്തല്‍.
അമേരിക്ക കാനഡയ്ക്ക് മേല്‍ കടുത്ത വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ പലിശനിരക്ക് ഇനിയും കുറയ്ക്കേണ്ടി വരും. നേരെമറിച്ച്, എണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കുകയും അത് രാജ്യത്ത് പൊതുവായ പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്താല്‍ പലിശനിരക്കുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കാനും ബാങ്ക് മടിക്കില്ലെന്ന് ഗവര്‍ണറുടെ മുന്നറിയിപ്പ്.
വരും മാസങ്ങളിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും പണപ്പെരുപ്പ നിരക്കുകളും പരിശോധിച്ച ശേഷമായിരിക്കും ബാങ്ക് ഓഫ് കാനഡ തങ്ങളുടെ അടുത്ത സാമ്പത്തിക നയങ്ങള്‍ പ്രഖ്യാപിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
