ഡൽഹി: തുടർച്ചയായി നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് പേടിഎമ്മിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ പ്രതികരണം .
വ്യവസ്ഥകൾ പാലിക്കാൻ മതിയായ സമയം നൽകിയ ശേഷമാണ് നടപടികൾ സ്വീകരിച്ചത്. പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ ജെ സ്വാമിനാഥൻ പറഞ്ഞു. കേന്ദ്ര ബാങ്കിൻ്റെ വായ്പാ നയ അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സ്വാമിനാഥൻ്റെ പ്രതികരണം.
വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആവശ്യമായ സമയം നൽകിയിട്ടുണ്ടന്നും എന്നാൽ ഉഭയകക്ഷി ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ നടപടിയെടുക്കേണ്ടിവരുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആർബിഐ എടുക്കുന്ന എല്ലാ നടപടികളും വ്യവസ്ഥാപിത സ്ഥിരതയ്ക്കും ഉപഭോക്തൃ താൽപ്പര്യ സംരക്ഷണത്തിനുമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് പേടിഎമ്മിന് സംഭവിച്ചത്?
ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎമ്മിനോട് പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്.
ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ക്രെഡിറ്റ് ഇടപാടുകൾ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങൾ ചെയ്യാനോ കഴിയില്ല.
നിയന്ത്രണം ഏർപ്പെടുത്തിയത് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം പേടിഎം സിഇഒ വിജയ് ശേഖർ ശർമ ധനമന്ത്രി നിർമല സീതാരാമനുമായും ആർബിഐ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് അക്കൗണ്ടുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ തുടങ്ങിയ അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ബാലൻസ് പിൻവലിക്കാനോ ഉപയോഗിക്കാനോ കഴിയുമെന്ന് ആർബിഐ പ്രസ്താവനയിൽ പറയുന്നു.
നടപടി എന്തിന്?
വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പേടിഎം പേയ്‌മെൻ്റ് ബാങ്കിന് കഴിഞ്ഞ വർഷം ആദ്യം ആർബിഐ 5.39 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2022 മാർച്ചിൽ തന്നെ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്താൻ ആർബിഐ പേടിഎമ്മിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പേടിഎമ്മിൻ്റെ ഭാഗത്തെ പോരായ്മകൾ വിലയിരുത്തിയ ആർബിഐ നടപടി സ്വീകരിച്ചു.
1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പേടിഎമ്മിനെതിരെ ആര്‍ബിഐ നടപടിയെടുത്തത്. ആര്‍ബിഐ ചട്ടങ്ങൾ പാലിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നാണ് ഇതിനു പിന്നാലെ പേടിഎം നൽകിയ വിശദീകരണം. ഒരു അക്കൗണ്ടിന് 2,00,000 രൂപയിൽ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് ആര്‍ബിഐ പേടിഎമ്മിന് നല്‍കിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്