ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് ഉത്തരവ് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉന്നതതല യോഗത്തിന് നേതൃത്വം നല്‍കുന്നത്. വാണിജ്യ മന്ത്രാലയം, നിതി ആയോഗ്, ഡിപിഐഐടി, മറ്റ് വകുപ്പുകള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 27 ശതമാനം തിരിച്ചടി താരിഫ് ഏര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. ശനിയാഴ്ച മുതല്‍ 10 ശതമാനം അടിസ്ഥാന താരിഫിന് തുടക്കമാകും. ബാക്കിയുള്ള ഉയര്‍ന്ന താരിഫ് ഏപ്രില്‍ 9 ന് പ്രാബല്യത്തില്‍ വരും.
'അവര്‍ (ഇന്ത്യ) ഞങ്ങളില്‍ നിന്ന് 52% താരിഫ് ഈടാക്കുന്നു, വര്‍ഷങ്ങളോളം പതിറ്റാണ്ടുകളായി ഞങ്ങള്‍ ഒന്നും തന്നെ ഈടാക്കുന്നില്ല,' പരസ്പര നികുതി പ്രഖ്യാപിക്കുന്നതിനിടെ ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ തീരുവ വര്‍ദ്ധനവിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ വിലയിരുത്തി വരികയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പ്രതികരിച്ചു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്ക് പ്രഥമ പരിഗണന നല്‍കുന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
'ഞങ്ങള്‍ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യും. ട്രംപിന്, അമേരിക്ക പ്രഥമ പരിഗണനയാണ്, മോദിക്ക് ഇന്ത്യ പ്രഥമ പരിഗണനയാണ്,' പങ്കജ് ചൗധരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്