ന്യൂഡെല്‍ഹി: 2025 കേന്ദ്ര ബജറ്റില്‍ നേട്ടമുണ്ടാക്കി മാലിദ്വീപും. ശനിയാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2025-ലെ ബജറ്റില്‍ മാലിദ്വീപിന്റെ വിഹിതത്തില്‍ ഏകദേശം 28 ശതമാനം വര്‍ദ്ധനവുണ്ടായി.
ബജറ്റ് രേഖ പ്രകാരം 2025-26ല്‍ മാലിദ്വീപിന് 600 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ദ്വീപ് രാഷ്ട്രത്തിന് നല്‍കിയ 470 കോടിയില്‍ നിന്ന് ഗണ്യമായ വര്‍ദ്ധനവാണിത്.
പൊതുതിരഞ്ഞെടുപ്പ് നടന്ന 2024ലെ ഇടക്കാല ബജറ്റില്‍ മാലിദ്വീപിന് 600 കോടി രൂപ വകയിരുത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജൂലൈയില്‍ അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റില്‍ മാലിദ്വീപിനുള്ള അടങ്കല്‍ 400 കോടി രൂപയായി വെട്ടിക്കുറച്ചു. വിഹിതം പിന്നീട് 470 കോടിയായി പരിഷ്‌കരിച്ചു.
2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെത്തുടര്‍ന്ന് ചില മാലദ്വീപ് നേതാക്കള്‍ അദ്ദേഹത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. തുടര്‍ന്നാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത്.
'ഇന്ത്യ പുറത്തുപോവുക' കാമ്പെയ്നിന്റെ അടിസ്ഥാനത്തില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് മുഹമ്മദ് മുയിസു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് ബന്ധം മെച്ചപ്പെട്ടു. പ്രധാനമന്ത്രി മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍, ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെന്ന് മുയിസു സമ്മതിച്ചിരുന്നു.
ഏറ്റവും വലിയ വിഹിതമായ 2,150 കോടി രൂപ വികസന സഹായമായി ഭൂട്ടാനും 700 കോടി രൂപ നേപ്പാളിനും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 600 കോടിയുമായി മാലിദ്വീപ് മൂന്നാം സ്ഥാനത്തും 500 കോടി രൂപ വിഹിതവുമായി മൗറീഷ്യസും തൊട്ടുപിന്നാലെയാണ്.
മ്യാന്‍മറിന്റെ ബജറ്റ് അലോക്കേഷന്‍ 400 കോടിയില്‍ നിന്ന് 350 കോടിയായി കുറച്ചു. എന്നാല്‍, ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമുള്ള വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് മാറ്റമുണ്ടായില്ല. ബംഗ്ലാദേശിന് 120 കോടി രൂപയും ശ്രീലങ്കക്ക് 300 കോടി രൂപയും ലഭിക്കും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള അടങ്കല്‍ തുക 200 കോടിയില്‍ നിന്ന് 225 കോടിയായി ഉയര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്