ബംഗളൂരു: ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 700 പേരെ എടുത്തതിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതിൽ പാസ്സാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇൻഫോസിസിന്‍റെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നൽകുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാൽ പിരിച്ച് വിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.
അതേസമയം അന്യായമായി പിരിച്ച് വിട്ടെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി തോൽപ്പിക്കാനുദ്ദേശിച്ച് നടത്തിയ പരീക്ഷ ആയിരുന്നുവെന്നാണ് പിരിച്ച് വിടപ്പെട്ടവർ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻ ഐ ടി ഇ എസ് പറഞ്ഞു.
എന്നാൽ ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസ്സാകാൻ മൂന്ന് തവണ അവസരം നൽകിയെന്നാണ് ഇൻഫോസിസിന്‍റെ വിശദീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകൾ പതിവാണെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്