അഴിമതിയുടെ കടുംകൃഷിയിൽ അതീവ വൈദഗ്ധ്യമുളള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അമിത ഉദ്വേഗം പേറുന്ന വേളയാണ് നിയമസഭാ തെരഞ്ഞെടുപ്പ് കാലം. പക്ഷേ, ഏത് ഭരണം വന്നാലും യഥേഷ്ടം അഴിമതി നടത്താനും പിടിച്ചു നിൽക്കാനും വൈഭവമുള്ള ചിലരുമുണ്ട് ഈ ഗണത്തിൽ.ഏറെ വർഷങ്ങളായി ദുരൂഹ വഴിയിലിഴയുന്ന കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് നിർവീര്യമാക്കാൻ രംഗത്തുള്ളത് അത്തരക്കാരാണെന്ന് ഉന്നത കോടതികൾ ആവർത്തിച്ച് പറഞ്ഞിട്ടും ഭരണപക്ഷവും പ്രതിപക്ഷവും മൗനം ഭജിക്കവേ അനിശ്ചിതത്വം ബാക്കി.
ഈ കേസിൽ തുടർച്ചയായി മൂന്നാം തവണയും ഹൈക്കോടതിയിൽ നിന്ന് കേരള സർക്കാരിനു തിരിച്ചടി നേരിട്ടു. ശതകോടികളുടെ അഴിമതിക്കേസിൽ സർക്കാർ തുടർച്ചയായി കോടതിയിൽ നിന്ന് തോൽവികൾ ഏറ്റുവാങ്ങുമ്പോൾ പ്രതികൾ ജയിക്കുന്നുവെന്നതാണ് ഇതിന്റെ മറുപുറം. കൊല്ലം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനിൽ അസംസ്‌കൃത തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ മൂന്നാം തവണയും തള്ളിയ സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് നിർണ്ണായക സംഭവ വികാസമായി.
മുന്നണികൾ തമ്മിൽ വാശിയേറിയ രാഷ്ട്രീയ പോരാട്ടം നടക്കുമ്പോഴാണ് അഴിമതിക്കാരെ സംരക്ഷിക്കുന്ന അന്തർധാരയും അവർക്കിടയിലുണ്ടോ എന്നു ധ്വനിപ്പിക്കുന്ന ചോദ്യം ഹൈക്കോടതിയിൽനിന്നുണ്ടായത്. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്. പ്രോസിക്യൂഷൻ അനുമതി മൂന്ന് തവണ നിഷേധിച്ച് കേസിൽ കോൺഗ്രസ് നേതാവിനെ രക്ഷിച്ചു കൊണ്ടിരിക്കുന്ന ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ വിവാദ നിലപാടിനെതിരെ ഹൈക്കോടതിയുടെ കർശന ഉത്തരവ് വന്നെങ്കിലും ഇനി അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പുതിയ സർക്കാരാണ്.
പിണറായി സർക്കാരാണ് തുടരുന്നതെങ്കിൽ കോടതിയുടെ കർശന ഉത്തരവിനെ മറികടക്കാനുള്ള തന്ത്രങ്ങൾ തുടരുമെന്നുറപ്പ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ ഹാജരാകേണ്ട മേയ് 18 ന് പുതിയ സർക്കാരാകും നിലപാടെടുക്കുക.
എന്തായിരുന്നാലും, സി.ബി.ഐ റിപ്പോർട്ടും കോടതിയുടെ വിലയിരുത്തലും അവഗണിച്ചുള്ള സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് കോടതി വിലയിരുത്തൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജെ.മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷൻ അനുമതിക്കു നിർദേശം നൽകുകയും അതനുസരിച്ച് ഫയൽ നീങ്ങുകയും ചെയ്ത ശേഷം ഉന്നത ഇടപെടൽ ഉണ്ടായതോടെയാണ് കശുവണ്ടി അഴിമതിക്കേസിലെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും കരണംമറിച്ചിൽ തുടങ്ങിയത്.
യു.ഡി.എഫ് സർക്കാരാണ് അധികാരത്തിൽ വരുന്നതെങ്കിൽ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പിണറായി സർക്കാരിൽ നിന്ന് വ്യത്യസ്തമായ നിലപാട് ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്. ഐ.എൻ.ടി.യു.സി, കോൺഗ്രസ് നേതാവായ ആർ. ചന്ദ്രശേഖരനെ പിണറായി വിജയൻ ചിറകിനടിയിൽ സംരക്ഷിച്ചെങ്കിൽ കോൺഗ്രസ് സർക്കാരിൽ നിന്ന് ചന്ദ്രശേഖരന് പ്രതികൂലമായി എന്തെങ്കിലും സംഭവിച്ചാൽ അത് അത്ഭുതമാകും. ചന്ദ്രശേഖരനെ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാനാക്കിയ നേതാവാണ് യു.ഡി.എഫ് മുഖ്യമന്ത്രിയാകാൻ മത്സര രംഗത്തുള്ള രമേശ് ചെന്നിത്തല. ഈ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരനെ സ്ഥാനാർത്ഥി ആക്കാൻ ചെന്നിത്തലയുടെ സമ്മർദ്ദം ഉണ്ടായിരുന്നു. ചടയമംഗലത്ത് സീറ്റ് ലഭിക്കുമെന്ന ഘട്ടം വരെ എത്തിയെങ്കിലും ഐ.എൻ.ടി.യു.സി യിൽ നിന്നും കോൺഗ്രസിൽ നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് നടക്കാതെ പോയത്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയെ വെള്ള പൂശാൻ സർക്കാർ തന്നെ നടത്തുന്ന വഴി വിട്ട നീക്കങ്ങളുടെ ഏറ്റവും വലിയ ഉദാഹരണം കൂടിയായി കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്. ഏത് സർക്കാർ വന്നാലും കോടതിയിൽ നിന്ന് പിന്നെയും തോൽവി ഏറ്റുവാങ്ങും, അഴിമതി വാഴും, പ്രതികൾ ജയിക്കും. ഭരണം മാറിയാലും അഴിമതിക്കേസ് പ്രതികൾ തല ഉയർത്തി നടക്കുമെന്നു കരുതേണ്ടിയിരിക്കുന്നു.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായ ആർ. ചന്ദ്രശേഖരൻ എക്കാലത്തും പിണറായി വിജയന്റെ വിശ്വസ്ഥനായിരുന്നുവെന്നത് കോൺഗ്രസുകാർക്കിടയിലും രഹസ്യമല്ല. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ കാര്യമായ ഒരു സമരം പോലും ഉണ്ടായിട്ടില്ലെന്നത് കോൺഗ്രസുകാർക്കിടയിൽ ഇപ്പോഴും സജീവ ചർച്ചയാണ്.
സുപ്രീംകോടതി വരെ
കോടതി വിധിയെ അവഗണിച്ച് അപേക്ഷ തള്ളിയ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ നടപടി പ്രഥമ ദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്നും കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. മുഹമ്മദ് ഹനീഷിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. കേസിൽ പ്രതികളായ കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാനാണ് സി.ബി.ഐ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടിയത്. എന്നാൽ കോടതി പല തവണ ആവശ്യപ്പെട്ടിട്ടും അനുമതി നൽകില്ലെന്ന കർശന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
ഇത്തരം നിലപാട് സ്വേച്ഛാപരവും പൊതുതാത്പര്യ വിരുദ്ധവും കോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് കോടതി വ്യക്തമാക്കി. 2006-2015 കാലഘട്ടത്തിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ 90 കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയ സി.ബി.ഐ, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി തേടിയതോടെയാണ് അനുമതി നൽകാതെ സർക്കാർ തുടർച്ചയായി ഉരുണ്ട് കളിച്ചത്. അനുമതി നിഷേധം ഒന്നാം പിണറായി സർക്കാർ മുതൽ കോർപ്പറേഷനിലെ കോടികളുടെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ സി.ബി.ഐ, രണ്ട് പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഒന്നാം പിണറായി സർക്കാരിനെ സമീപിച്ചപ്പോൾ സി.ബി.ഐയെ അമ്പരപ്പിച്ചു കൊണ്ട് അനുമതി നിഷേധിക്കുകയായിരുന്നു.
സർക്കാരിന്റെ സംശയാസ്പദ നിലപാടിനെതിരെ അന്ന് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ നിലപാട് റദ്ദാക്കിയ ഹൈക്കോടതി, തീരുമാനം പുന:പരിശോധിക്കാൻ സർക്കാരിനോടാവശ്യപ്പെട്ടു. അഴിമതി സംബന്ധിച്ച സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയപ്പോൾ അഴിമതി നടന്നുവെന്ന് കോടതിക്ക് വെളിപ്പെടുത്തേണ്ടി വന്നത് അസാധാരണവും സുപ്രധാനവുമായ സംഭവമായി. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനാൽ തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയത് തിരിച്ചടിയായി.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ പിണറായി സർക്കാർ അനുമതി നിഷേധിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും പ്രതികളെ കൈവിട്ടു. അഴിമതിക്കേസ് പ്രതികളെ സംരക്ഷിക്കാൻ പിണറായി സർക്കാർ നടത്തിയ നീക്കങ്ങൾ മുമ്പ് വൻ വിവാദമായിരുന്നു. അഞ്ച് വർഷമെടുത്താണ് സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എം.ഡി ആയിരുന്ന കെ.എ. രതീഷ്, ചെയർമാനായിരുന്ന ആർ. ചന്ദ്രശേഖരൻ, തോട്ടണ്ടി ഇറക്കുമതി ചെയ്ത ജെ.എം.ജെ ട്രേഡേഴ് ഉടമ ജയ് മോൻ ജോസഫ് എന്നിവരാണ് സി.ബി.ഐ അന്വേഷിച്ച കേസിലെ ഒന്നും മൂന്നും നാലും പ്രതികൾ. കോർപ്പറേഷന്റെ മുൻ ചെയർമാനും രണ്ടാം പ്രതിയുമായിരുന്നയാൾ ഇതിനിടെ മരിച്ചു. നാലു പേരെയും പ്രതി ചേർത്ത് സി.ബി.ഐ കേസെടുത്തത് 2016 ജൂലായ് 27 നായിരുന്നു.
രതീഷും ചന്ദ്രശേഖരനും സർക്കാരിൽ നിന്ന് ശമ്പളം പറ്റിയവരായതിനാലാണ് അവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി തേടേണ്ടി വന്നത്. അഴിമതി നിരോധന നിയമ പ്രകാരം ഒരു സർക്കാർ ഉദ്യോഗസ്ഥനോ സർക്കാർ ശമ്പളം കൈപ്പറ്റുന്നയാളോ അഴിമതിക്കേസിൽ പ്രതിയായാൽ പ്രോസിക്യൂഷൻ അനുമതി വേണമെന്ന 2018 ലെ ഭേദഗതി നിയമത്തിന്റെ തണലിലാണ് പ്രതികളെ രക്ഷിക്കാൻ സർക്കാർ, കോടതി ഉത്തരവുകളെപ്പോലും വക വയ്ക്കാതിരിക്കുന്നത്. സർക്കാർ അനുമതി നൽകിയാലേ പ്രതികൾക്കെതിരായ തുടർ നടപടികളിലേക്ക് കടക്കാൻ സി.ബി.ഐക്ക് കഴിയൂ.
എം.ഡി ആയിരുന്ന കെ.എ. രതീഷ് ചെയർമാനായിരുന്ന ആർ. ചന്ദ്രശേഖരൻ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാവുന്നതാണെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് ശുപാർശ ചെയ്‌തെങ്കിലും നിയമോപദേശത്തിന്റെ പേരിൽ മുഖ്യമന്ത്രി ഇടപെട്ട് അനുമതി നിഷേധിക്കുകയായിരുന്നു. 2020 ഒക്ടോബറിൽ ഇറക്കിയ ഈ ഉത്തരവിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയെ സമീപിച്ചപ്പോഴാണ് അനുമതി നൽകാനാവില്ലെന്ന വിചിത്ര നിലപാട് അന്നും പിന്നീട് രണ്ട് തവണയും സർക്കാർ സ്വീകരിച്ചത്.
അഴിമതി ആരോപണങ്ങളുടെ ഗൗരവവും പ്രഥമ ദൃഷ്ട്യാ വസ്തുതകളും പരിശോധിച്ച് കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് നിർദ്ദേശിച്ചത്. എന്നാൽ തോട്ടണ്ടി സംഭരണത്തിൽ നടപടി ക്രമം പാലിക്കാത്തത് ഭരണതലത്തിലെ വീഴ്ച മാത്രമാണെന്നും കുറ്റകരമായ പദവി ദുരുപയോഗമോ പെരുമാറ്റ ദൂഷ്യമോ അവിഹിത നേട്ടം ഉണ്ടാക്കലോ കള്ളത്തരമോ ഇല്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
