ഊര്‍ജ്ജം ഇല്ലാതെ ഒന്നും നടക്കില്ല. എന്തിനും ഏതിനും ഊര്‍ജ്ജം വേണം. അതുപോലെ ലോകത്തെ വ്യാവസായിക മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന കണ്ടെത്തലുകളില്‍ ഒന്നാണ് ഡീസല്‍ എന്‍ജിനുകള്‍. എന്‍ജിനുകളോടുള്ള അഭിനിവേശം മൂലം ജര്‍മന്‍ എന്‍ജിനിയറായ റുഡോള്‍ഫ് ഡീസല്‍ നടത്തിയ പരീക്ഷണങ്ങളാണ് ഡീസല്‍ എന്‍ജിന്റെ ആദ്യ രൂപത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. കണ്ടെത്തല്‍ അദ്ദേഹത്തെ പെട്ടെന്ന് സമ്പന്നനാക്കിയെങ്കിലും അതിനായി നടത്തിയ നിക്ഷേപങ്ങള്‍ വരുത്തിവച്ച കടബാധ്യതകള്‍ അലട്ടുന്നതിനിടെ അദ്ദേഹം ദുരൂഹമായി മരണപ്പെട്ടു. ആത്മഹത്യ ആണെന്നാണ് നിഗമനം. എന്നാല്‍, നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഡീസലിന്റെ മരണത്തിനു ശേഷം ഉയര്‍ന്നു വന്നത്.
അദ്ദേഹത്തിന്റെ മരണശേഷം 1920-കളിലാണ് ട്രക്കുകളില്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പിന്നാലെ കപ്പലുകളിലും 1930 കളില്‍ ട്രെയിനുകളിലും ഉപയോഗിച്ചുതുടങ്ങി. കുറഞ്ഞ ചെലവും മികച്ച കാര്യക്ഷമതയും ആയിരുന്നു ഡീസല്‍ എന്‍ജിനുകളെ വ്യാവസായിക വിപ്ലവത്തിന്റെ ഊര്‍ജസ്രോതസാക്കി മാറ്റാന്‍ കാരണം. റുഡോള്‍ഫ് ഡീസല്‍ നടത്തിയ പരീക്ഷണങ്ങള്‍ ഫലം കണ്ടില്ലായിരുന്നുവെങ്കില്‍ വ്യവസായ പുരോഗതിയും ചരക്കു നീക്കവും അടക്കം ചെലവു കുറഞ്ഞ രീതിയില്‍ ഇതൊക്കെ സാധ്യമാകുമായിരുന്നോ എന്നും സംശയമാണ്.
പാരീസില്‍ 1858-ലാണ് റുഡോള്‍ഫ് ഡീസലിന്റെ ജനനം. ജര്‍മനിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരായിരുന്നു മാതാപിതാക്കള്‍. ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ 1870 ല്‍ അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് നാടുകടത്തപ്പെട്ടു. അവിടെ നിന്നാണ് അദ്ദേഹം പഠനത്തിനായി ജര്‍മനിയിലേക്ക് പോകുന്നതും മ്യൂണിക് പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് എന്‍ജിനിയറിങ്ങില്‍ വൈദഗ്ധ്യം നേടുന്നതും.
പിന്നീട് അദ്ദേഹത്തിന് ജോലി ലഭിച്ചത് പാരീസിലുള്ള ലിന്‍ഡേ ഐസ് മെഷീന്‍ കമ്പനി എന്ന റഫ്രിജറേഷന്‍ കമ്പനിയിലാണ്. അവിടെ ജോലി ചെയ്യുമ്പോഴും എന്‍ജിനുകളോടായിരുന്നു അദ്ദേഹത്തിന് ആഭിമുഖ്യം. ജോലിക്കിടയിലും കമ്പനി തലവന്‍ കാള്‍ വാന്‍ ലിന്‍ഡെയുടെ സഹായത്തോടെ അദ്ദേഹം തെര്‍മോഡൈനാമിക്‌സില്‍ പഠനം തുടര്‍ന്നു. അക്കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന സ്റ്റീം എന്‍ജിനുകള്‍ക്ക് ബദലായി കാര്യക്ഷമതയുള്ള മറ്റൊരു എന്‍ജിന്‍ വികസിപ്പിക്കണമെന്ന് അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അതിനിടെ റെഫ്രിജറേഷന്‍ കമ്പനിയുടെ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ടുമെന്റിന്റെ മേധാവിയായി അദ്ദേഹം മാറി.
ഇക്കാലത്ത് മഷിനന്‍ഫെബ്രിക് ഓഗ്‌സ്ബര്‍ഗ് അടക്കമുള്ളവ അദ്ദേഹത്തിന്റെ ഡീസല്‍ എന്‍ജിന്‍ വികസന പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു. സോളാര്‍ പവേഡ് എയര്‍ എന്‍ജിനടക്കം നിരവധി പുതിയ എന്‍ജിനുകള്‍ റുഡോള്‍ഫ് ഡീസല്‍ ഈഘട്ടത്തില്‍ പരീക്ഷണാര്‍ഥം വികസിപ്പിച്ചിരുന്നു.
നൂതന എന്‍ജിന്‍ സ്വപ്നം കണ്ട് പരീക്ഷണങ്ങള്‍ തുടര്‍ന്ന അദ്ദേഹം 1892-ല്‍ പേറ്റന്റിന് അപേക്ഷിക്കുകയും തുടര്‍ന്ന് എന്‍ജിന്‍ വികസിപ്പിക്കുന്നതിനുള്ള അനുമതി അധികൃതരില്‍ നിന്ന് നേടിയെടുക്കുകയും ചെയ്തു. 1893 ല്‍ താന്‍ വികസിപ്പിക്കാനൊരുങ്ങുന്ന എന്‍ജിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസിദ്ധീകരിച്ചു. 1893 ലാണ് അദ്ദേഹം സ്വന്തമായി വികസിപ്പിച്ച എന്‍ജിന്‍ ആദ്യമായി അവതരിപ്പിക്കുന്നത്.
പത്തടി ഉയരമുള്ള ഒരു സിലിണ്ടറും അതിനടിയില്‍ ഘടിപ്പിച്ച ഫ്‌ളൈവീലും അടക്കമുള്ളവ ഉള്‍പ്പെട്ടതായിരുന്നു ആ എന്‍ജിന്‍. ആ വര്‍ഷം തന്നെ എന്‍ജിന് പേറ്റന്റ് ലഭിച്ചു. ചെറുകിട വ്യവസായ സംരംഭകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ തന്റെ എന്‍ജിന്‍ പ്രയോജനപ്പെടുമെന്നായിരുന്നു എന്‍ജിന്‍ വികസിപ്പിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. റുഡോള്‍ഫ് ഡീസല്‍ പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് എന്‍ജിന് ലഭിച്ചത്.
ആദ്യം ചെറുകിട വ്യവസായ സംരംഭകരും പിന്നീട് വന്‍കിട വ്യവസായികളും അദ്ദേഹത്തിന്റെ എന്‍ജിന് പിന്നാലെയെത്തി. ഫാക്ടറികള്‍, ഖനികള്‍, എണ്ണ ഖനനം ചെയ്യുന്ന പാടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ എന്‍ജിന്‍ ഉപയോഗിച്ചു തുടങ്ങി. ഇതോടെ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റുഡോള്‍ഫ് ഡീസല്‍ ഒരു സമ്പന്നനായി മാറി. എന്നാല്‍ ഡീസല്‍ എന്‍ജിന്‍ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപങ്ങള്‍ അദ്ദേഹത്തെ വലിയ കടക്കെണിയിലാക്കിയിരുന്നു. കടബാധ്യതകള്‍ വീര്‍പ്പുമുട്ടിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ദുരൂഹ മരണം.
1913 ല്‍ ലണ്ടനിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെയാണ് റുഡോള്‍ഫ് ഡീസലിന്റെ ദുരൂഹ മരണം. സെപ്റ്റംബര്‍ 29 നോ, 30 നോ ആണ് അദ്ദേഹം മരിക്കുന്നത്. ആ സമയത്ത് ഡീസല്‍ എന്‍ജിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള തിരക്കുകളിലായിരുന്നു അദ്ദേഹം. ബെല്‍ജിയത്തില്‍ പുതിയ ഡീസല്‍ എന്‍ജിന്‍ പ്ലാന്റിന്റെ തറക്കല്ലിടന്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം എസ്.എസ് ഡ്രസ്ഡണ്‍ എന്ന സ്റ്റീമറില്‍ അദ്ദേഹം ലണ്ടനിലേക്കാണ് പോയത്.
ബ്രിട്ടീഷ് നാവിക സേനയുടെ അന്തര്‍വാഹിനികളില്‍ തന്റെ എന്‍ജിന്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വേണ്ടി ആയിരുന്നു ആ യാത്ര. ഫ്രഞ്ച് അന്തര്‍വാഹിനികളില്‍ അതിനോടകം തന്നെ റുഡോള്‍ഫിന്റെ എന്‍ജിനുകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ആ യാത്രയ്ക്കിടെ അദ്ദേഹം കടലില്‍ മുങ്ങി മരിക്കുകയായിരുന്നു.
രാവിലെ 6.15 ന് തന്നെ വിളിച്ചുണര്‍ത്തണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ട ശേഷം രാത്രി 10 ന് കപ്പലിലെ തന്റെ മുറിയിലേക്ക് പോയ അദ്ദേഹത്തെ പിന്നീട് കാണാതായി. പിന്നീട് ഒരു ഡച്ച് കപ്പല്‍ കടലില്‍ ഒഴുകി നടക്കുന്ന ഒരു ശവശരീരം കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളില്‍ നിന്നും മറ്റു വസ്തുക്കളില്‍ നിന്നുമാണ് മരിച്ചത് റുഡോള്‍ഫ് ഡീസലാണെന്ന് തിരിച്ചറിഞ്ഞത്. 10 ദിവസം പഴക്കമുള്ള മൃതദേഹമാണ് കടലില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹ പരിശോധന പോലും അക്കാലത്ത് സാധ്യമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1