ബ്രിട്ടന്‍ ഇന്ത്യയെ കോളനിയാക്കിയിരുന്ന 1765 നും 1900 നും ഇടയിലുള്ള കാലത്ത് ഇന്ത്യയില്‍ നിന്ന് 64.82 ട്രില്ല്യണ്‍ ഡോളറിന്റെ സമ്പത്ത് കടത്തിയതായി റിപ്പോര്‍ട്ട്. അതില്‍ 33.8 ട്രില്ല്യണ്‍ ഡോളറിന്റെയും സമ്പത്ത് ബ്രിട്ടനിലെ ഏറ്റവും ധനികരായ 10 ശതമാനം പേര്‍ കൈക്കാലാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ ആദ്യ ദിവസം എല്ലാ വര്‍ഷവും പുറത്തിറക്കുന്ന ആഗോള അസമത്വ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഓക്സ്ഫാം ഇന്റര്‍നാഷണലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
'ടേക്കേഴ്സ്, നോട്ട് മേക്കേഴ്സ്'എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആധുനിക ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ കൊളോണിയലിസത്തിന്റെ മാത്രം സൃഷ്ടിയാണെന്ന് അവകാശപ്പെടുന്ന നിരവധി പഠനങ്ങളെയും ഗവേഷണ പ്രബന്ധങ്ങളെയും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. കൊളോണിയലിസത്തിന്റെ കാലത്ത് രൂപപ്പെട്ട അസമത്വത്തിന്റെയും കൊള്ളയുടെയും പാരമ്പര്യങ്ങള്‍ ആധുനിക ജീവിതത്തെ രൂപപ്പെടുത്തുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ആഴത്തില്‍ അസമത്വം നിലനില്‍ക്കുന്ന ഒരു ലോകത്തെ സൃഷ്ടിച്ചു. വംശീയതയെ അടിസ്ഥാനമാക്കിയുള്ള വിഭജനത്താല്‍ കീറിമുറിക്കപ്പെട്ട ഒരു ലോകം. പ്രധാനമായും ഗ്ലോബല്‍ നോര്‍ത്തിലെ ഏറ്റവും ധനികര്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഗ്ലോബല്‍ സൗത്തില്‍ നിന്ന് സമ്പത്ത് വേര്‍തിരിച്ചെടുക്കുന്ന ഒരു ലോകത്തെയാണ് കോളനിവത്കരണം സൃഷ്ടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ ഓക്സ്ഫാം പറഞ്ഞു.
'ലണ്ടന്റെ ഉപരിതലത്തില്‍ നാല് തവണ പരവതാനി പോലെ വിരിക്കാന്‍ മാത്രമുള്ള സമ്പത്ത്'. 1765നും 1900നും ഇടയില്‍ യുകെയിലെ ഏറ്റവും ധനികരായ 10 ശതമാനം പേര്‍ ഇന്ത്യയില്‍നിന്ന് മാത്രം 33.8 ട്രില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന സമ്പത്ത് കൈക്കലാക്കിയതായി വിവിധ പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഓക്സ്ഫാം വ്യക്തമാക്കി.
ബ്രിട്ടീഷ് പൗണ്ട് നോട്ടുകള്‍ ഉപയോഗിച്ച് ബ്രിട്ടന്റെ മുകളില്‍ നാല് തവണ പരവതാനി പോലെ വിരിക്കാനുള്ള സമ്പത്ത് ഉണ്ട് ഇത്. ആധുനിക ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി പോലെയുള്ള കോര്‍പ്പറേഷനുകളാണ് ഇതിന് തുടക്കമിട്ടത്. അത് സ്വയം ഒരു നിയമമായി മാറുകയും നിരവധി കൊളോണിയല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇവ ഉത്തരവാദിയുമായിരുന്നു.
ആഗോള വിതരണ ശൃംഖലകളും കയറ്റുമതി നടത്തുന്ന വ്യവസായങ്ങളും തെക്ക്-വടക്ക് സമ്പത്ത് വേര്‍തിരിച്ചെടുക്കുന്ന ആധുനിക കൊളോണിയല്‍ സംവിധാനങ്ങളെ പ്രതിനിധീകരിക്കുന്നു. വിതരണ ശൃംഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ പലപ്പോഴും മോശം തൊഴില്‍ സാഹചര്യങ്ങള്‍, കൂട്ടായ വിലപേശല്‍ അവകാശങ്ങളുടെ അഭാവം, കുറഞ്ഞ സാമൂഹിക സംരക്ഷണം എന്നിവ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തുല്യ വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് ഗ്ലോബല്‍ നോര്‍ത്തിലെ വേതനത്തേക്കാള്‍ 87 ശതമാനത്തിനും 95 ശതമാനത്തിനും താഴെയാണ് ഗ്ലോബല്‍ സൗത്തിലെ വേതനം. വലിയ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ ആഗോള വിതരണ ശൃംഖലകളില്‍ ആധിപത്യം സ്ഥാപിക്കുന്നു. ഗ്ലോബല്‍ സൗത്തില്‍ നിന്നുമുള്ള വിഭവങ്ങള്‍ തുടര്‍ച്ചയായി വേര്‍തിരിച്ചെടുക്കുന്നതിലും അവര്‍ പ്രയോജനം നേടുന്നു. ലാഭത്തിന്റെ ഭൂരിഭാഗവും അവര്‍ പിടിച്ചെടുക്കുകയും സാമ്പത്തിക മാര്‍ഗങ്ങളിലൂടെ ആശ്രിതത്വം, ചൂഷണം, നിയന്ത്രണം എന്നിവ നിലനിര്‍ത്തുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യവര്‍ഗത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്ത്?
1975നും 1900നും ഇടയിലുള്ള 100ലേറെ വര്‍ഷം നീണ്ടുനിന്ന കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് ശേഖരിച്ച സമ്പത്തില്‍ പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗത്തിനും ഗുണമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍ക്ക് പുറമെ ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വരുമാനത്തിന്റെ 52 ശതമാനം ലഭിച്ച ഏറ്റവും സമ്പന്നരായ 10 ശതമാനത്തിന് ശേഷം പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗത്തിന് വരുമാനത്തിന്റെ 32 ശതമാനം കൂടി ലഭിച്ചു.
1750ല്‍ ആഗോള വ്യാവസായിക ഉത്പാദനത്തിന്റെ ഏകദേശം 25 ശതമാനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലായിരുന്നു. 1900 ആയപ്പോഴേക്കും ഈ കണക്ക് വെറും രണ്ട് ശതമാനമായി കുറഞ്ഞുവെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യന്‍ തുണിത്തരങ്ങള്‍ക്കെതിരേ ബ്രിട്ടന്‍ കര്‍ശനമായ സംരക്ഷണവാദ നയങ്ങള്‍ നടപ്പിലാക്കിയതാണ് ഈ ഇടിവിന് കാരണമെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു.
ഈ വ്യാവസായിക അടിച്ചമര്‍ത്തല്‍ താത്കാലികമായി ലഘൂകരിക്കാന്‍ ഒരു സംഘര്‍ഷം ആവശ്യമായി വന്നുവെന്നും ഒന്നാം ലോക മഹായുദ്ധ കാലത്ത് (191418) കൊളോണിയല്‍ വ്യാപാര രീതികളിലെ തടസ്സം മൂലം കോളനികളിലെ വ്യവസായിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചതായും ഓക്സ്ഫാം പറഞ്ഞു. യുദ്ധ സമയത്ത് ബ്രിട്ടീഷ് ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായ പ്രദേശങ്ങള്‍ വ്യാവസായിക തൊഴില്‍ വളര്‍ച്ചയില്‍ വര്‍ധനവ് കാണിച്ചു. ഈ മാതൃക ഇന്നും ദൃശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1