ജനരോഷം ആളിക്കത്തും എന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ അത് തണുപ്പിക്കാൻ ഭരണകൂടങ്ങൾ ചെയ്യുന്ന ആദ്യ നടപടിയാണ് ഒരു അന്വേഷണ കമ്മീഷൻ നിയമനം. ആർക്കും പരാതിയില്ലാത്ത ഒരു ഔദ്യോഗിക നടപടി.എന്തിന് അന്വേഷണ കമ്മീഷനെ നിയമിച്ചുവെന്ന് ആരും ചോദിക്കില്ല. അങ്ങനെ ചോദിച്ചാൽ അവൻ പിന്തിരിപ്പനായി മാറും. കമ്മീഷനെ നിയമിച്ച ഉത്തരവ് പത്രത്തിൽ വരുന്നതോടെ രോഷാഗ്‌നിയിൽ കുളിർമഴ പെയ്ത പ്രതീതിയാണ് പിന്നെ. എന്തും എളുപ്പം മറക്കാൻ സവിശേഷമായ കഴിവുള്ള ജനം, അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളെയും തുടർന്നുള്ള നടപടികളെയും ഓർത്ത് ഉറക്കം കളയാറില്ല.അത് വരുമ്പോൾ വരട്ടെ !
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിപ്പുര അപകടം ഉണ്ടായപ്പോഴാണ് പഴയകാല അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ എവിടെയോ പൊടിച്ച് കിടക്കുന്ന കാര്യം മാധ്യമങ്ങൾ പോലും ഓർക്കുന്നത്. കമ്മീഷനുകൾ ആർക്കോ ശമ്പളം കൊടുക്കാനുള്ള വെറും പ്രഹസനങ്ങളായി മാറുന്നുവെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല. അന്വേഷണ കമ്മീഷനുകളായി പ്രവർത്തിച്ചവർ അവരുടെ പ്രയത്‌നം വിഫലമായതിന്റെ നിരാശ പലപ്പോഴും പരസ്യമായിത്തന്നെ പ്രകടിപ്പിക്കാറുണ്ട്. കണ്ടെത്തിയതും എഴുതി വച്ചതും എല്ലാം ആരോ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു എന്ന തോന്നൽ ജസ്റ്റിസുമാർ പ്രകടിപ്പിക്കുന്ന കാഴ്ച കാണാറുണ്ട്.
ആർക്കുവേണ്ടി എത്രയോ മാസങ്ങൾ പാഴായിപ്പോയി എന്ന സത്യം. തങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ വലുതായി തങ്ങൾ നൽകുന്ന ശുപാർശകൾ സർക്കാരും പൊതുജനവും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഒരോ അന്വേഷണ കമ്മീഷനും പടിയിറങ്ങുന്നത്. ലക്ഷങ്ങളുടെ ചെലവ് എഴുതിത്തള്ളി കമ്മീഷനുകളെ വെക്കുമ്പോൾ ജനരോഷം ഒന്ന് തണുക്കും.എന്തോ നല്ലത് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ പൊതുസമൂഹത്തിന് കിട്ടുന്നു. എന്നാൽ അതൊന്നും സംഭവിക്കുന്നില്ല എന്ന് അവർ അറിയുന്നില്ല. കമ്മീഷൻ റിപ്പോർട്ട് നൽകുമ്പേഴേക്കും അടുത്ത ദുരന്തം വന്നെത്തി കഴിഞ്ഞിരിക്കും. അഥവാ കമ്മീഷൻ നല്ല ശുപാർശകൾ നൽകിയെന്ന് കരുതിയാലും അത് തട്ടിൻ പുറത്ത് കയറ്റി വയ്ക്കുകയാണ് പതിവ്.
തുറക്കാത്ത ഫയലുകൾ
പുറ്റിങ്ങൽ വെടിക്കെട്ട് സംബന്ധിച്ച് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ 2019 ൽ നൽകിയ ശുപാർശ സർക്കാർ അവഗണിച്ചു എന്ന ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ വെളിപ്പെടുത്തൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നടുക്കം ഉളവാക്കുന്നതാണ്. ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം ശുപാർശകർ അവഗണിക്കുന്നതാണ്.
അഴിമതികൾ നടക്കുമ്പോൾ നിയോഗിക്കപ്പെടുന്ന കമ്മീഷനുകൾ പോലെയല്ല ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ മറുവശം അന്വേഷിക്കുന്ന പ്രതിവിധി കണ്ടെത്തുന്ന കമ്മീഷനുകളുടെ സ്ഥിതി. അത് പൊതുജനത്തെ കുറെ കൂടി നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ദുരന്തത്തിൽ ജീവൻ പൊലിയുന്ന മനുഷ്യരുടെ ഉറ്റവർ, അടുത്ത ദുരന്തം നടക്കുമ്പോഴും,അത് മറ്റെവിടെയെങ്കിലും ആണെങ്കിലും ഒരിക്കൽ കൂടി വേദനിക്കുന്നുണ്ട് എന്ന സത്യം തിരിച്ചറിയുന്നില്ല ഉദ്യോഗസ്ഥ വൃന്ദം. ഓർമ്മകൾ അവരെ വേട്ടയാടുകയാണ്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയോഗിക്കപ്പെടുന്ന സർക്കാർ മെഷിനറി നോക്കുകുത്തിയാവുന്ന സ്ഥിതിയാണുള്ളത്.
കേരളത്തെ സംബന്ധിച്ച് വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകാൻ ആർക്കും കഴിയില്ല. കാരണം ആചാരത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് വെടിക്കെട്ടുകൾ.കാലം മാറിയതനുസരിച്ച് വെടിക്കെട്ടുകളുടെ രീതി പരിഷ്‌കരിക്കണം എന്ന ആവശ്യം ഇപ്പോൾ സജീവമാണ്. എന്നാൽ അതിന് എത്രത്തോളം പിന്തുണ പൊതുജനം നൽകുമെന്നും കണ്ടറിയണം.
പുറ്റിങ്ങൽ അന്വേഷണ കമ്മീഷൻ, സ്‌ഫോടക വസ്തുക്കൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും കത്തിക്കുന്നതും സംബന്ധിച്ച് നൽകിയ മാനദണ്ഡങ്ങൾ പാലിക്കാൻ ഉദ്യോഗസ്ഥത തലത്തിൽ തയ്യാറായില്ല.ഈ ആരോപണം ഉന്നയിക്കുന്നത് മറ്റാരുമല്ല അന്വേഷണ കമ്മീഷൻ തന്നെയാണ്.
വെടിക്കെട്ടുകളുടെ കാര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസർ വേണമെന്ന അന്വേഷണ റിപ്പോർട്ടുകൾ ഫയലുകളിൽ ഉറങ്ങുകയാണ്.
വെടിക്കെട്ട് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പുല്ലുവില !പ്രദേശികമായി ഉദ്യോഗസ്ഥർക്ക് മേൽ ഉണ്ടാകുന്ന കടുത്ത രാഷ്ട്രീയ സമ്മർദ്ദമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ മരവിപ്പിക്കുന്നതിന് പിന്നിലുള്ളതെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
തനിയാവർത്തനം
മുണ്ടത്തിക്കോട് ദുരന്തം നടന്നതിന് പിന്നാലെ പതിവുപോലെ ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരാണ് അന്വേഷണ കമ്മീഷൻ. എന്നാൽ, ഇതേ ജസ്റ്റിസ് മുൻപ് സമർപ്പിച്ച പല റിപ്പോർട്ടുകളും നടപടികളില്ലാതെ സെക്രട്ടേറിയറ്റിൽ പൊടിപിടിക്കുമ്പോഴാണ് പുതിയൊരു കമ്മീഷൻ. തോട്ടംമേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ നേരത്തെ സർക്കാർ ജസ്റ്റിസ് എൻ.കൃഷ്ണൻ നായരെ അന്വേഷണ കമ്മിഷനായി നിയമിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടു നൽകിയെങ്കിലും ഇക്കാര്യത്തിൽ സർക്കാർ നടപടികളൊന്നുമെടുത്തില്ല.
വാഹനാപകടങ്ങളെക്കുറിച്ച്,മദ്യദുരന്തത്തെക്കുറിച്ച്, മാർക്ക് തട്ടിപ്പ് കേസുകൾ,ബോട്ട് അപകടങ്ങൾ,കുപ്രസിദ്ധമായ സോളാർ തട്ടിപ്പ് എന്നിവയ്‌ക്കെല്ലാം നിയോഗിക്കപ്പെട്ട കമ്മീഷനുകൾക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് ഇന്നോളം ചെലവിട്ടിട്ടുള്ളത്.
സംസ്ഥാനത്ത് ഇതുവരെ 211 ജുഡീഷ്യൽ അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും മറുവശത്ത് മനുഷ്യനിർമ്മിത' ദുരന്തങ്ങൾക്ക് അറുതിയില്ല എന്ന തിരിച്ചറിവ്. പുതിയ കമ്മീഷന്റെ കണ്ടെത്തലുകളെങ്കിലും ഉത്സവപ്പറമ്പുകളിലെ മരണം തടയാൻ സഹായിക്കുമോ? കേരളം കാത്തിരിക്കുന്നു.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
