മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു അജിത് പവാര്‍. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബരാമതിയില്‍ എന്‍സിപിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു അജിത് പവാറിന്റെ സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭൂമികയില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു അജിത് പവാര്‍. ശരദ് പവാറിന്റെ നിഴലില്‍ ഒതുങ്ങിപ്പോവാതെ പാര്‍ട്ടിയിലും പുറത്തും സ്വന്തമായി ഒരു വ്യക്തിത്വം സൃഷ്ടിച്ചെടുത്ത അജിത് സ്വന്തം ഊര്‍ജത്തില്‍ നിന്നാണ് ഇക്കാണുന്ന നിലയിലേക്ക് വളര്‍ന്നത്. യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയിലെ പവറുള്ള പവാര്‍ അഥവാ അധികാരത്തില്‍ ഇരിക്കുന്ന പവര്‍ ആയിരുന്നു അദ്ദേഹം. ദാദ എന്നായിരുന്നു അദ്ദേഹത്തെ അണികള്‍ വളരെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്തിരുന്നത്. ഒരു വിമാനാപകടത്തില്‍ വിട പറയുമ്പോള്‍ നാഥനില്ലാതാവുന്നത് എന്‍സിപിയുടെ സുപ്രധാന ഘടകത്തിനാണ്.
മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരന്‍ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബരാമതിയില്‍ 1959 ജൂലൈ 22 നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷന്‍ സൊസൈറ്റി ഹൈസ്‌കൂളില്‍ നിന്ന് നേടിയ എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടര്‍ പഠനത്തിനായി കോളജില്‍ പോയെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല.
രാഷ്ട്രീയത്തിലെ അജിത് പവാറിന്റെ പവര്‍
മഹാരാഷ്ട്രയിലെ മാറ്റി നിര്‍ത്താന്‍ ആവാത്ത രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു 'ദാദ' എന്ന് അറിയപ്പെടുന്ന അജിത് അനന്തറാവു പവാര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച റെക്കോര്‍ഡ് അജിത് പവാറിന്റെ പേരിലായിരുന്നു. പൃഥ്വിരാജ് ചവാന്‍, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ എന്നിവരുള്‍പ്പെടെ ആറ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം അദ്ദേഹം ഈ പദവി വഹിച്ചു.
1982 ല്‍ രാഷ്ട്രീയത്തിലെത്തിയ അജിത് പവാര്‍, 1991-ല്‍ ബാരാമതിയില്‍ നിന്ന് ലോക്സഭാംഗമായി തുടങ്ങിയതാണ് തന്റെ പാര്‍ലമെന്ററി ജീവിതം. എന്നാല്‍, പിന്നീട് അമ്മാവനും എന്‍സിപി സ്ഥാപകനുമായ ശരദ് പവാറിനായി ഈ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ഗുരുവും ശരദ് പവാര്‍ തന്നെയാണ്. അജിത് പവാറിന്റെ രാഷ്ട്രീയത്തിലെ നിര്‍ണായക വഴിത്തിരിവ് 2023 ജൂലൈ രണ്ടിനാണ് സംഭവിച്ചത്. ശരദ് പവാര്‍ നയിച്ച എന്‍സിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ അദ്ദേഹം ബിജെപി-ശിവസേന (ഏകനാഥ് ഷിന്‍ഡെ വിഭാഗം) സഖ്യത്തില്‍ ചേര്‍ന്നു. 2024 ഫെബ്രുവരിയില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ വിഭാഗത്തെ 'യഥാര്‍ത്ഥ' എന്‍സിപിയായി അംഗീകരിക്കുകയും പാര്‍ട്ടി പേരും 'ക്ലോക്ക്' ചിഹ്നവും നല്‍കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഇടയില്‍ പല വിവാദങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ ആരോപിക്കപ്പെട്ട 70,000 കോടി രൂപയുടെ ജലസേചന അഴിമതിയില്‍ അദ്ദേഹം പ്രതിസ്ഥാനത്തായിരുന്നു. എങ്കിലും ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വാദിച്ചു. എംഎസ്സിബി വായ്പാ കേസ് തെളിവില്ലാത്തതിനാല്‍ 2024-ന്റെ തുടക്കത്തില്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അവസാനിപ്പിച്ചിരുന്നു.
അതോടൊപ്പം 2013 ലെ വരള്‍ച്ചാ സമയത്തും സമീപകാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നടത്തിയ വിവാദ അഭിപ്രായങ്ങളുടെ പേരില്‍ അജിത് പവാര്‍ വിമര്‍ശനം നേരിട്ടു. 2019 നവംബറില്‍ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള 80 മണിക്കൂര്‍ സര്‍ക്കാരും അദ്ദേഹത്തിന്റെ കരിയറിലെ നാടകീയ സംഭവങ്ങളില്‍ ഒന്നാണ്. മാത്രമല്ല മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പവാര്‍ കുടുംബത്തിന് വിപുലമായ സാന്നിധ്യമുണ്ട്.
അജിത് പവാറിന്റെ ബന്ധു സുപ്രിയ സുലെ ബാരാമതിയില്‍ നിന്നുള്ള ലോക്സഭാ എംപിയാണ്. അനന്തരവന്‍ രോഹിത് അഹമ്മദ്നഗറിലെ കര്‍ജാത്ത്-ജാംഖേഡില്‍ നിന്നുള്ള എംഎല്‍എയാണ്. സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥാനങ്ങളില്‍ പവാര്‍ കുടുംബം ഉണ്ട്. അതിലെ പ്രധാന കണ്ണിയായിരുന്നു അജിത് പവാര്‍.
1982 ല്‍ പുനെയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോര്‍ഡ് അംഗമായാണ് അജിത് പവാറിന്റെ പൊതുരംഗത്തേക്കുള്ള പ്രവേശനം. എന്നും കര്‍ഷകര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന അജിത് പവാറിന്റെ അവസാന യാത്രയും കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു. 2024 ഡിസംബര്‍ മുതല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കീഴില്‍ ഏക്‌നാഥ് ഷിന്‍ഡെയോടൊപ്പം മഹാരാഷ്ട്രയുടെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. തുടര്‍ച്ചയായി അല്ലാതെ ഏറ്റവും കൂടുതല്‍ കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച റെക്കോഡും അജിത് പവാറിന്റെ പേരിലാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
