'125 ജീവനുകള്‍ അപകടത്തില്‍, അടിയന്തരമായി വിളിച്ചപ്പോള്‍ ബേനസീര്‍ ഭൂട്ടോ ഉറക്കത്തിലാണെന്ന് മറുപടി' ; പാക്കിസ്ഥാനെ നാണംകെടുത്തി സിംഗപ്പൂര്‍ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍

JULY 3, 2026, 7:54 PM

ഇസ്ലാമാബാദ്: അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ച 1991 ലെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍, പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭാഗത്തുനിന്നുണ്ടായ വിചിത്രമായ അനുഭവം വെളിപ്പെടുത്തി സിംഗപ്പൂര്‍ മുന്‍ നയതന്ത്ര പ്രതിനിധി ബിലഹാരി കൗസികന്‍.

വിമാനം ഭീകരര്‍ റാഞ്ചിയ വിവരം അടിയന്തരമായി അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ 'മാഡം നല്ല ഉറക്കത്തിലാണ്, ഇപ്പോള്‍ ശല്യപ്പെടുത്താനാകില്ല' എന്ന മറുപടിയാണ് ഭൂട്ടോയുടെ വസതിയില്‍ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ നടുക്കുന്ന സംഭവം കൗസികന്‍ പരസ്യമാക്കിയത്.

1991 മാര്‍ച്ച് 26 നാണ് മലേഷ്യയില്‍ നിന്നും 114 യാത്രക്കാരും 11 ജീവനക്കാരുമായി പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം നാല് പാക് ഭീകരര്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്തത്. തുടര്‍ന്ന് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി ഭീകരര്‍ വിലപേശല്‍ ആരംഭിക്കുകയായിരുന്നു. അന്ന് ഭീകരരുമായി ചര്‍ച്ച നടത്താന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ബിലഹാരി കൗസികനെയായിരുന്നു.

നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായിരുന്ന ആ സമയത്ത്, വിമാനം റാഞ്ചിയ ഭീകരര്‍ക്ക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന നിര്‍ണായക വിവരം സിംഗപ്പൂര്‍ അധികൃതര്‍ക്ക് ലഭിച്ചു. ഇതേത്തുടര്‍ന്നാണ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷത്തായിരുന്നിട്ടും ഭൂട്ടോയെ നേരിട്ട് ബന്ധപ്പെടാന്‍ കൗസികന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുടെ സഹായത്തോടെ ഭൂട്ടോയുടെ വസതിയിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ഭൂട്ടോയുടെ വസതിയില്‍ ഫോണെടുത്ത ആര്‍ക്കും തന്നെ ഇംഗ്ലിഷ് അറിയില്ലായിരുന്നു. എല്ലാവരും ഉറുദു മാത്രമാണ് സംസാരിച്ചിരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാള്‍ ഫോണിലെത്തിയെങ്കിലും, കാര്യം പറഞ്ഞപ്പോള്‍ മാഡത്തെ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ കഴിയില്ലെന്ന മറുപടി നല്‍കി അയാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം നിരുത്തരവാദപരമായ നിലപാടുകള്‍ കാരണം ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ സിംഗപ്പൂര്‍ കമാന്‍ഡോകള്‍ വിമാനത്തില്‍ ഇരച്ചുകയറി ഭീകരരെ വധിക്കുകയും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുകയുമായിരുന്നു. പാക് രാഷ്ട്രീയക്കാര്‍ എത്രത്തോളം സമയം പാഴാക്കുന്നവരാണെന്ന് വ്യക്തമാക്കാനാണ് താന്‍ ഈ സംഭവം പങ്കുവെച്ചതെന്നും ബിലഹാരി കൗസികന്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam