അമേരിക്ക ഇനി ആര് നയിക്കും? ദേശീയ സര്‍വേഫലം ഇങ്ങനെ

OCTOBER 26, 2024, 5:41 PM

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസും തമ്മില്‍ ശക്തമായ ഇഞ്ചോട്ഞ്ച് പോരാട്ടമാണ് നടക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസും സിയാന കോളജും ചേര്‍ന്ന് നടത്തിയ ഏറ്റവും പുതിയ വോട്ടെടുപ്പ് സര്‍വേയിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്.

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും ദേശീയതലത്തില്‍ 48 ശതമാനം വോട്ടോടെ തുല്യത പുലര്‍ത്തുന്നു എന്നാണ് കാണിക്കുന്നത്. ഒക്ടോബര്‍ 20 മുതല്‍ 23 വരെയാണ് ന്യൂയോര്‍ക്ക് ടൈംസും സിയാന കോളജും സര്‍വേ നടത്തിയത്. അതേസമയം ബാക്കിയുള്ള നാല് ശതമാനം സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീ വോട്ടര്‍മാരില്‍ ട്രംപിനെതിരെ (42 ശതമാനം) കമല ഹാരിസിന് (54 ശതമാനം) മുന്‍തൂക്കമുണ്ട്.

എന്നാല്‍ പുരുഷ വോട്ടര്‍മാരില്‍ ഇത് നേരെ തിരിച്ചാണ്. ട്രംപിന് 55 ശതമാനം പുരുഷ വോട്ടര്‍മാരുടെ പിന്തുണയും കമല ഹാരിസിന് 41 ശതമാനം പുരുഷ വോട്ടര്‍മാരുടെ പിന്തുണയുമാണ് ഉള്ളത്. 18 നും 29 നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ നിന്നാണ് കമല ഹാരിസിന് ഏറ്റവും ഉയര്‍ന്ന പിന്തുണ ലഭിച്ചത്. ട്രംപിന്റെ 43 ശതമാനത്തിനെതിരെ 55 ശതമാനം പേരുടെ പിന്തുണ ഈ വിഭാഗത്തില്‍ നിന്ന് കമല ഹാരിസിനുണ്ട്.

അതേസമയം 45 മുതല്‍ 64 വരെ പ്രായമുള്ള വോട്ടര്‍മാരില്‍ ട്രംപ് 51 ശതമാനം പിന്തുണയോടെ മുന്നിലാണ്. കമല ഹാരിസിന് 44 ശതമാനം ആണ് പിന്തുണ. അതേസമയം സര്‍വേയില്‍ പ്രതികരിച്ചവരില്‍ 61 ശതമാനം പേര്‍ രാജ്യം തെറ്റായ പാതയിലേക്ക് നീങ്ങുകയാണെന്ന് അഭിപ്രായപ്പെട്ടു. ഇത് കമല ഹാരിസിനെ സംബന്ധിച്ച് ശ്രദ്ധയോടെ വീക്ഷിക്കോണ്ട കാര്യമാണ്. 27 ശതമാനം പേര്‍ മാത്രമാണ് രാജ്യം ശരിയായ പാതയിലാണെന്ന് അഭിപ്രായപ്പെട്ടത്.

എന്നാല്‍ നിരവധി ദേശീയ വോട്ടെടുപ്പുകളുടെ ശരാശരി കണക്കാക്കുന്ന ഫൈവ് തേര്‍ട്ടി എയ്റ്റ് പോള്‍ ട്രാക്കര്‍ ട്രംപിന്റെ 46.6 ശതമാനത്തില്‍ നിന്ന് 48 ശതമാനത്തിന്റെ ലീഡ് കമല ഹാരിസ് നിലനിര്‍ത്തുന്നതായി കാണിക്കുന്നു. എന്നാല്‍ കമലയുടെ 1.4 ശതമാനം പോയിന്റ് ലീഡ് ഈ ആഴ്ച ആദ്യം ലഭിച്ച 1.8 ശതമാനത്തേക്കാള്‍ കുറവാണ് എന്നും പോള്‍ട്രാക്കര്‍ അഭിപ്രായപ്പെടുന്നു.

ദേശീയ സര്‍വേകള്‍ വോട്ടര്‍മാരുടെ വികാരത്തെയാണ് പ്രതിഫലിക്കുന്നത്. എന്നാല്‍ അന്തിമ വിജയിയെ തീരുമാനിക്കുന്നത് ഇലക്ടറല്‍ കോളജാണ്. ഇത് ഓരോ സംസ്ഥാനങ്ങളിലെയും ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ്. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവയാണ് ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണയിക്കാന്‍ പോകുന്ന ചാഞ്ചാട്ടമുള്ള സംസ്ഥാനങ്ങള്‍.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷമായ 270 ഇലക്ടറല്‍ കോളജില്‍ 93 ഉം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഫൈവ് തേര്‍ട്ടി എയ്റ്റിന്റെ ഏറ്റവും പുതിയ വോട്ടെടുപ്പ് ശരാശരി പ്രകാരം ട്രംപിന് നോര്‍ത്ത് കരോലിനയില്‍ 1 ശതമാനവും അരിസോണയിലും ജോര്‍ജിയയിലും 2 ശതമാനവും മുന്‍തൂക്കമുണ്ട് എന്നാണ് കാണിക്കുന്നത്. മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല ഹാരിസും ട്രംപും തമ്മിലുള്ള വ്യത്യാസം അര ശതമാനത്തില്‍ താഴെയാണ്. പെന്‍സില്‍വാനിയയിലും നെവാഡയിലും ട്രംപ് നേരിയ തോതില്‍ മുന്നിലും, മിഷിഗണിലും വിസ്‌കോണ്‍സിനിലും കമല ഹാരിസ് മുന്നിലുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam