വാഷിംഗ്ടൺ: ആമസോൺ പ്ലാറ്റ്‌ഫോം വഴി മാരകമായ രാസവസ്തുക്കൾ വാങ്ങി ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾ നൽകിയ കേസിൽ കമ്പനി വിചാരണ നേരിടണമെന്ന് വാഷിംഗ്ടൺ സുപ്രീം കോടതി.
ആമസോണിലെ തേർഡ് പാർട്ടി സെല്ലർമാരിൽ നിന്ന് ഉയർന്ന സാന്ദ്രതയുള്ള സോഡിയം നൈട്രൈറ്റ് വാങ്ങി ആളുകൾ മരിച്ച സംഭവത്തിൽ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കാണിച്ചാണ് കോടതി വിധി. സമാനമായ കേസുകളിൽ ആമസോണിന് സംരക്ഷണം നൽകിയിരുന്ന കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഒൻപതംഗ ബെഞ്ചിന്റെ ഏകകണ്ഠമായ ഈ വിധി.
ആത്മഹത്യ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു ആമസോണിന്റെ വാദം. എന്നാൽ ഈ വാദത്തെ സുപ്രീം കോടതി തള്ളി. ഒരു റീട്ടെയിലർ എന്ന നിലയിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ആമസോണിന് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ജി. ഹെലൻ വൈറ്റ്‌നർ നിരീക്ഷിച്ചു. മാരകമായ അളവിൽ സോഡിയം നൈട്രൈറ്റ് വിൽക്കുന്നത് മരണത്തിന് കാരണമാകുമെന്ന് കമ്പനിക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയുമായിരുന്നോ എന്ന് ജൂറി തീരുമാനിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.
2020-നും 2021-നും ഇടയിൽ 17 മുതൽ 27 വയസ്സുവരെ പ്രായമുള്ളവർ ആമസോണിൽ നിന്ന് 98% മുതൽ 99.6% വരെ സാന്ദ്രതയുള്ള സോഡിയം നൈട്രൈറ്റ് വാങ്ങി കഴിച്ചാണ് മരിച്ചത്. ഇറച്ചിയും മീനും കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണിതെങ്കിലും, ഉയർന്ന അളവിൽ ഇത് ശരീരത്തിലെത്തുന്നത് മരണത്തിന് കാരണമാകും. ഇത്തരം ഉൽപ്പന്നങ്ങൾ ആത്മഹത്യയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ആമസോൺ വർഷങ്ങളോളം ഇതിന്റെ വിൽപന നിയന്ത്രിച്ചില്ലെന്ന് 28 കുടുംബങ്ങൾ പരാതിയിൽ ആരോപിക്കുന്നു.
കോടതി വിധിയിൽ വിയോജിപ്പുണ്ടെങ്കിലും മരിച്ചവരുടെ കുടുംബങ്ങളോട് അനുതാപമുണ്ടെന്ന് ആമസോൺ പ്രതികരിച്ചു. സോഡിയം നൈട്രൈറ്റ് നേരിട്ട് കഴിക്കാനുള്ളതല്ലെന്നും അത് ദുരുപയോഗം ചെയ്യപ്പെട്ടതാണെന്നും കമ്പനി വാദിച്ചു. നിലവിൽ 10 ശതമാനത്തിലധികം സാന്ദ്രതയുള്ള സോഡിയം നൈട്രൈറ്റിന്റെ വിൽപന തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
