വാഷിങ്ടൺ: രാഷ്ട്രീയവും മതപരവുമായ നിലപാടുകളുടെയും ചില പ്രത്യേക മേഖലകളിലെ ബിസിനസ് പ്രവർത്തനങ്ങളുടെയും പേരിൽ പ്രമുഖ അമേരിക്കൻ ബാങ്കുകൾ ഉപഭോക്താക്കൾക്ക് സേവനം നിഷേധിച്ചതായി റിപ്പോർട്ട്. അമേരിക്കൻ ട്രഷറി വകുപ്പിന് കീഴിലുള്ള കറൻസി കൺട്രോളറുടെ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് കണ്ടെത്തൽ.
രാഷ്ട്രീയ നിലപാടുകളുടെ പേരിൽ യാഥാസ്ഥിതികരോട് ബാങ്കുകൾ വിവേചനം കാണിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ക്രിപ്റ്റോകറൻസി മേഖലയിലുള്ളവരും ബാങ്കുകൾ ഈ മേഖലയുമായി ഇടപെടാൻ താൽപര്യമില്ലാത്തതിനാൽ തങ്ങളുടെ അക്കൗണ്ടുകൾ അടച്ചുപൂട്ടുന്നുവെന്ന് പരാതിപ്പെട്ടിട്ടുണ്ട്.
2025-ൽ ട്രംപ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കറൻസി കൺട്രോളറുടെ ഓഫീസ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ രാഷ്ട്രീയ-മത വിശ്വാസങ്ങളുടെയോ നിലപാടുകളുടെയോ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ സേവനം നിഷേധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുള്ളവരെയാണ് ബാങ്കുകൾ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന ആരോപണങ്ങൾക്കിടെ, ഡെമോക്രാറ്റിക് പാർട്ടിയോട് ആഭിമുഖ്യമുള്ള സംഘടനകൾക്കും ചില ബാങ്കുകൾ സേവനം നിഷേധിച്ചതായി റിപ്പോർട്ട് കണ്ടെത്തി. അതേസമയം, തട്ടിപ്പിന് സാധ്യതയുള്ള ഇടപാടുകൾ കണ്ടെത്തുക, അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാതിരിക്കുക തുടങ്ങിയ നിയമപരവും നിയന്ത്രണപരവുമായ കാരണങ്ങളാലും ബാങ്കുകൾക്ക് സേവനം അവസാനിപ്പിക്കേണ്ടിവരാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
2020 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിച്ച ഒരു ലക്ഷം പരാതികളും ബാങ്കുകളുടെ നൂറുകണക്കിന് തീരുമാനങ്ങളും പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മേൽനോട്ടത്തിലുള്ള ഒൻപത് പ്രമുഖ ദേശീയ ബാങ്കുകളുടെയും നയങ്ങൾ രാഷ്ട്രീയ, മത, ബിസിനസ് പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഉപഭോക്താക്കളെ സംബന്ധിച്ച തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നതായി കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.
വിശ്വാസങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും സംഘടനാബന്ധങ്ങളുടെയും പേരിൽ വിവേചനമില്ലാതെ എല്ലാ അമേരിക്കക്കാർക്കും ധനകാര്യ സേവനങ്ങൾ ലഭിക്കണമെന്നും ഇത് വെറുമൊരു മുദ്രാവാക്യമല്ല, നിർബന്ധമായും പാലിക്കേണ്ട ഉത്തരവാദിത്തമാണെന്നും കറൻസി കൺട്രോളർ ജോനാഥൻ വി. ഗൗൾഡ് പറഞ്ഞു.
റിപ്പോർട്ടിൽ പരാമർശിച്ച സംഭവങ്ങളിലൊന്ന് പേയ്മെന്റ് സേവനദാതാവായ വീപേയുമായി ബന്ധപ്പെട്ടതാണ്. ട്രംപിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെയും അനുകൂലിക്കുന്ന വസ്തുക്കൾ വിൽക്കുന്ന ചില വ്യാപാരികളുടെ അക്കൗണ്ടുകൾ വീപേ അടച്ചുപൂട്ടിയതായി റിപ്പോർട്ട് പറയുന്നു. 2017-ൽ ജെ.പി. മോർഗൻ ചേസ് ഏറ്റെടുത്ത വീപേ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
രാഷ്ട്രീയമോ മതപരമോ ആയ നിലപാടുകളുടെ പേരിൽ ഉപഭോക്താക്കളോട് വിവേചനം കാണിക്കുന്നത് തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ജെ.പി. മോർഗൻ വക്താവ് പറഞ്ഞു. വീപേയുടെ നടപടിക്രമങ്ങൾ പ്രതീക്ഷിച്ച നിലവാരം പാലിച്ചിരുന്നില്ലെന്നും പ്രശ്നം കണ്ടെത്തി പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണ-പ്രകൃതിവാതക പര്യവേക്ഷണം, കൽക്കരി ഖനനം, ആയുധ നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾക്കും ബാങ്കുകൾ ധനകാര്യ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട് കണ്ടെത്തി.
റിപ്പോർട്ടിൽ പരാമർശിച്ച സിറ്റിബാങ്കും വെൽസ് ഫാർഗോയും നേരിട്ട് പ്രതികരിച്ചില്ല. പകരം ബാങ്കിങ് മേഖലയിലെ വ്യാപാര സംഘടനയായ ബാങ്ക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയിലേക്കാണ് അവർ ശ്രദ്ധ ക്ഷണിച്ചത്.
നിയമം പാലിച്ച് പ്രവർത്തിക്കുന്ന ഉപഭോക്താക്കൾക്ക് ന്യായമായ രീതിയിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സാമ്പത്തിക അപകടസാധ്യതകൾ കൃത്യമായി വിലയിരുത്തുന്നതിനൊപ്പം സേവനലഭ്യത ഉറപ്പാക്കുന്ന വ്യക്തവും സ്ഥിരതയുള്ളതുമായ മാനദണ്ഡങ്ങൾ വേണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രശസ്തിക്ക് ഉണ്ടാകാവുന്ന ആഘാതത്തെക്കാൾ യഥാർഥ സാമ്പത്തിക അപകടസാധ്യതകൾക്ക് മേൽനോട്ടത്തിൽ മുൻഗണന നൽകാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളെയും സംഘടന പിന്തുണച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
