ലൈവ് ടോക്കില്‍ തര്‍ക്കം, മൈക്ക് ഊരിയെറിഞ്ഞു! അവതാരകയെ 'വിഡ്ഢി' എന്ന് വിളിച്ച് അഭിമുഖം പാതിവഴിയില്‍ ഉപേക്ഷിച്ച് ട്രംപ്

JUNE 7, 2026, 8:16 PM

വാഷിംഗ്ടണ്‍: യുഎസ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു കൊണ്ട് പ്രമുഖ മാധ്യമമായ എന്‍ബിസി ന്യൂസിന്റെ മീറ്റ് ദ പ്രസ് അഭിമുഖത്തിനിടെ അവതാരകയോട് തര്‍ക്കിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൈവ് റെക്കോര്‍ഡിങ് പാതിവഴിയില്‍ ഉപേക്ഷിച്ചു. കലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെ പ്രകോപിതനായ ട്രംപ്, അവതാരക ക്രിസ്റ്റന്‍ വെല്‍ക്കറെ വ്യക്തിപരമായി അധിക്ഷേപിക്കുകയും കോട്ടില്‍ കുത്തിയിരുന്ന മൈക്രോഫോണ്‍ ഊരി നിലത്തേക്ക് എറിഞ്ഞ് എഴുന്നേറ്റ് പോവുകയുമായിരുന്നു.

'മതി, ഇത് ഇവിടെ അവസാനിപ്പിക്കാം. നന്ദി ഡാര്‍ലിങ്...' എന്ന് പരിഹാസത്തോടെ പറഞ്ഞായിരുന്നു ട്രംപിന്റെ നാടകീയമായ ഇറങ്ങിപ്പോകല്‍.

വിസ്‌കോണ്‍സിനില്‍ വെച്ച് നടന്ന അഭിമുഖത്തില്‍ കലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാന്‍ വൈകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് തര്‍ക്കത്തില്‍ കലാശിച്ചത്. നാല് ദിവസം കഴിഞ്ഞിട്ടും കലിഫോര്‍ണിയയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്തത് അവിടെ വലിയ രീതിയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിയും കൃത്രിമത്വവും നടക്കുന്നത് കൊണ്ടാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ കലിഫോര്‍ണിയയിലെ സങ്കീര്‍ണ്ണമായ വോട്ടെണ്ണല്‍ പ്രക്രിയ കാരണം ഫലം വരാന്‍ വൈകുന്നത് സ്വാഭാവികമാണെന്നും, അട്ടിമറി നടന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്നും ക്രിസ്റ്റന്‍ വെല്‍ക്കര്‍ ആവര്‍ത്തിച്ചു ചോദിച്ചിരുന്നു.

കൃത്യമായ തെളിവുകള്‍ നിരത്തുന്നതിന് പകരം, 'പലരില്‍ നിന്നും ഞാന്‍ ഇത് കേള്‍ക്കുന്നുണ്ട്, എനിക്ക് കാര്യങ്ങള്‍ കണ്ടാല്‍ തന്നെ മനസ്സിലാകും' എന്നായിരുന്നു ട്രംപിന്റെ മറുപടി. തന്റെ ആരോപണങ്ങള്‍ക്ക് തെളിവ് ചോദിച്ച അവതാരകയ്ക്ക് നേരെ ട്രംപ് തിരിയുകയായിരുന്നു. കലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും അഴിമതിക്കാരാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

'അവര്‍ അഴിമതിക്കാരാണ്. നിങ്ങളെപ്പോലെ തന്നെ, നിങ്ങളുടെ മാധ്യമവും 'മീറ്റ് ദ പ്രസ്' പരിപാടിയും അഴിമതി നിറഞ്ഞതാണ്. നിങ്ങള്‍ ഒന്നുകില്‍ അഴിമതിക്കാരിയാണ്, അല്ലെങ്കില്‍ ഒരു വിഡ്ഢിയാണ്,' എന്ന് ട്രംപ് അവതാരകയോട് മുഖത്തുനോക്കി പറയുകയായിരുന്നു.

താന്‍ അഴിമതിക്കാരിയോ വിഡ്ഢിയോ അല്ലെന്ന് വെല്‍ക്കര്‍ വ്യക്തമാക്കിയെങ്കിലും, ആരോപണങ്ങളില്‍ ഉറച്ചുനിന്ന ട്രംപ് മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു. ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണക്കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് തട്ടിക്കയറുന്നത് ഇതാദ്യമല്ല. മുന്‍പ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ കൈറ്റ്ളന്‍ കോളിന്‍സിനെതിരെയും ട്രംപ് മോശം പരാമര്‍ശം നടത്തിയിരുന്നു. 'അവള്‍ സുന്ദരിയാണ്, പക്ഷേ ഒട്ടും ചിരിക്കാറില്ല. അവളുടെ കണ്ണുകളില്‍ വെറുപ്പാണ് കാണാന്‍ കഴിയുക,' എന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്.

അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയതിന് ശേഷം പ്രതികരിച്ച ട്രംപ്, അന്ന് പുറത്ത് പെയ്ത കനത്ത മഴ കാരണം തനിക്ക് അല്പം മൂഡ് ഓഫ് ആയിരുന്നുവെന്നായിരുന്നു പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam