സ്‌പേസ് എക്‌സ് റോക്കറ്റ് ഭാഗം ചന്ദ്രനില്‍ ഇടിച്ചിറങ്ങി: അന്വേഷണവുമായി നാസ

AUGUST 6, 2026, 1:39 AM

ന്യൂയോര്‍ക്ക്: സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട രണ്ടാംഘട്ട ഭാഗം ചന്ദ്രന്റെ ഉപരിതലത്തില്‍ ശക്തിയായി ഇടിച്ചിറങ്ങി. ഏകദേശം 4000 കിലോഗ്രാം ഭാരവും അഞ്ചുനില കെട്ടിടത്തിന്റെ ഉയരവുമുള്ള ഈ കൂറ്റന്‍ റോക്കറ്റ് ഭാഗം മണിക്കൂറില്‍ 8700 കിലോമീറ്റര്‍ വേഗതയിലാണ് ചാന്ദ്രോപരിതലത്തില്‍ പതിച്ചത്. ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചന്ദ്രനിലെ ഐന്‍സ്റ്റൈന്‍ ഗര്‍ത്തത്തിന് സമീപമാണ് സംഭവം നടന്നത്.

ഇടിയുടെ വലിയ ആഘാതത്തില്‍ 18 മുതല്‍ 20 മീറ്റര്‍ വരെ വ്യാസമുള്ള പുതിയൊരു ഗര്‍ത്തം അവിടെ രൂപപ്പെടുകയും വലിയ തോതില്‍ ചാന്ദ്രധൂളി ഉയരുകയും ചെയ്തതായാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഈ കൂട്ടിയിടി മൂലം ഭൂമിക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രന്റെ വശങ്ങളിലാണ് സംഭവം നടന്നതെന്നതിനാലും സാധാരണ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് ചിത്രീകരിക്കാന്‍ പ്രയാസമായതിനാലും തത്സമയ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ മനുഷ്യനിര്‍മിത വസ്തുക്കള്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്ന അപൂര്‍വ അവസരമായതിനാല്‍, ബഹിരാകാശത്തെ മറ്റ് ചാന്ദ്രപര്യവേക്ഷണ ഉപകരണങ്ങളും ദൂരദര്‍ശിനികളും ഉപയോഗിച്ച് ഈ ആഘാതസ്ഥലം നാസ വിശദമായി പരിശോധിക്കും.

ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഭൗതിക സ്വഭാവം മനസ്സിലാക്കുന്നതിനും ഭാവിയിലെ ചാന്ദ്രദൗത്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പഠനം നിര്‍ണായകമാകും. 2025 ജനുവരി 15 നാണ് ഈ ഫാല്‍ക്കണ്‍-9 റോക്കറ്റ് വിക്ഷേപിച്ചത്. ഫയര്‍ഫ്‌ളൈസ് എയ്‌റോസ്‌പെയ്‌സിന്റെ ബ്ലൂ ഗോസ്റ്റ്, ജപ്പാന്റെ ഹകുടോ ആര്‍ മിഷന്‍-2 എന്നീ ചാന്ദ്രലാന്‍ഡറുകളെ ബഹിരാകാശത്ത് എത്തിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ഇതില്‍ ബ്ലൂ ഗോസ്റ്റ് 2025 മാര്‍ച്ച് രണ്ടിന് വിജയകരമായി ചന്ദ്രനിലിറങ്ങി. എന്നാല്‍ ജൂണ്‍ അഞ്ചിന് ലാന്‍ഡിംഗിനിടെ ഹകുടോ ആര്‍ മിഷന്‍-2 പേടകവുമായുള്ള നിയന്ത്രണം നഷ്ടപ്പെടുകയും അത് തകരുകയും ചെയ്തു.

റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ആദ്യഘട്ടം വിക്ഷേപണത്തിന് തൊട്ടുപിന്നാലെ വേര്‍പെട്ട് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറങ്ങിയിരുന്നു. എന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കിയ രണ്ടാംഘട്ട ഭാഗം ഇന്ധനം തീര്‍ന്ന് നിയന്ത്രണമില്ലാതെ ബഹിരാകാശത്ത് ഒഴുകിനടക്കുകയായിരുന്നു. മാസങ്ങളോളം ബഹിരാകാശത്ത് തുടര്‍ന്ന ഈ അവശിഷ്ടം ഒടുവില്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിലും മറ്റ് സ്വാഭാവിക ബലങ്ങളിലും പെട്ട് ചന്ദ്രോപരിതലത്തിലേക്ക് നീങ്ങുകയും കൂട്ടിയിടിക്കുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam