വാഷിംഗ്ടണ്‍: സ്പേസ് എക്സിന്റെ ഓഹരി വിപണിയിലെ വന്‍ കുതിപ്പോടെ ഇലോണ്‍ മസ്‌ക് ലോകത്തെ ആദ്യ 'ട്രിഷനയര്‍'പദവിയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ അമേരിക്കയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. മസ്‌കിന്റെ അതിവേഗമുള്ള സ്വത്ത് സമ്പാദനത്തെയും അമേരിക്കയിലെ നികുതി-ആരോഗ്യ മേഖലകളിലെ അസമത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ ഡെമോക്രാറ്റിക് നേതാക്കള്‍ രംഗത്തെത്തി.
അമേരിക്കന്‍ ജനതയ്ക്ക് അടിസ്ഥാന ആരോഗ്യ പരിരക്ഷ പോലും ഉറപ്പാക്കാന്‍ കഴിയാത്ത സമ്പദ്വ്യവസ്ഥയുടെ പരാജയമാണ് മസ്‌കിന്റെ ഈ നേട്ടമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ആഡം ഷിഫ് തുറന്നടിച്ചു. ഒരു വശത്ത് രാജ്യം ആദ്യ ട്രിഷനയറെ സൃഷ്ടിക്കുമ്പോള്‍ മറുവശത്ത് ജനങ്ങള്‍ക്ക് ചികിത്സ പോലും കിട്ടാത്ത അവസ്ഥയുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. രാജ്യത്തെ വിരലില്‍ എണ്ണാവുന്ന സമ്പന്ന കുടുംബങ്ങള്‍ കൈവശം വെച്ചിരിക്കുന്നത് താഴേത്തട്ടിലുള്ള 40 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ആകെ സമ്പത്തിന് തുല്യമാണെന്നും, അഴിമതി നിറഞ്ഞ ഒരു വ്യവസ്ഥിതിയുടെ ഫലമായാണ് പാവപ്പെട്ടവര്‍ വീണ്ടും ദരിദ്രരും പണക്കാര്‍ വീണ്ടും പണക്കാരുമാകുന്നതെന്നും ഷിഫ് കൂട്ടിച്ചേര്‍ത്തു.
നാസ്ദാക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ സ്പേസ് എക്സിന്റെ ഓഹരി മൂല്യം 11 ശതമാനം ഉയര്‍ന്നിരുന്നു. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 1.96 ട്രില്യണ്‍ ഡോളറിലെത്തുകയും മസ്‌ക് ഔദ്യോഗികമായി ലോകത്തെ ആദ്യ ട്രിഷനയറാകുകയും ചെയ്തു. തന്റെ ജീവനക്കാരോട് നന്ദി അറിയിച്ചുകൊണ്ട് മസ്‌ക് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍, അമേരിക്കയിലെ സാധാരണ കുടുംബങ്ങള്‍ പലചരക്ക് സാധനങ്ങള്‍ക്കും ഇന്ധനത്തിനും വേണ്ടി കഷ്ടപ്പെടുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ കൊഴുക്കുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തി.
'സമ്പന്ന നികുതി' വേണമെന്ന ആവശ്യം ശക്തം
മസ്‌കിന്റെ ആസ്തി വര്‍ധിച്ചതോടെ ശതകോടീശ്വരന്മാര്‍ക്ക് മേല്‍ വെല്‍ത്ത് ടാക്‌സ് ചുമത്തണമെന്ന ആവശ്യവുമായി സെനറ്റര്‍ എലിസബത്ത് വാറനും രംഗത്തെത്തി. ഒരു സാധാരണ അമേരിക്കന്‍ കുടുംബം മസ്‌കിന്റെ അത്രയും പണം സമ്പാദിക്കണമെങ്കില്‍ 11 ദശലക്ഷം (1.1 കോടി) വര്‍ഷം ജോലി ചെയ്യേണ്ടി വരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു ട്രക്കര്‍ക്കോ, നഴ്‌സിനോ, ഫയര്‍ ഫൈറ്റര്‍ക്കോ ഉള്ളതിനേക്കാള്‍ കുറഞ്ഞ നികുതി നിരക്കാണ് മസ്‌കിനുള്ളതെന്ന് ജനപ്രതിനിധി സാറാ ജേക്കബ്‌സ് വിമര്‍ശിച്ചു.
സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്, റോ ഖന്ന എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 'മേക്ക് ബില്യണയേഴ്‌സ് പേ ദെയര്‍ ഫെയര്‍ ഷെയര്‍ ആക്ട്' ഉടനടി പാസാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ നിയമം നടപ്പിലായാല്‍ മസ്‌ക് ഉള്‍പ്പെടെയുള്ള രാജ്യത്തെ 938 ശതകോടീശ്വരന്മാരില്‍ നിന്നായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 4 ട്രില്യണ്‍ ഡോളറിലധികം നികുതിയായി ഈടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
