ഫോമാ നേതാക്കളുടെ കേരള സന്ദർശനം: നിരവധി പദ്ധതികൾ നടപ്പിലാക്കി ചാരിതാർത്ഥ്യത്തോടെ മടക്കം

FEBRUARY 8, 2025, 10:50 AM

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമായുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ, ഫോമാ ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ നടത്തിയ കേരള സന്ദർശനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജന്മനാടിനോടുള്ള സ്‌നേഹവും പ്രതിബദ്ധതയും പ്രകടമാക്കി.


നാട്ടിലെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഫോമാ മുൻകാലങ്ങളിൽ നൽകിയ സഹായ പരിപിപാടികളുടെ തുടർച്ചയെന്ന നിലയിൽ സംഘടയുടെ 2024 -'26 ഭരണസമിതിയുടെ കേരള പ്രോജക്ടുകളുടെ തുടക്കമാണിതെന്ന് നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ വ്യക്തമാക്കി. ഫോമാ ടീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് സൗഹൃദം പങ്കുവയ്ക്കുകയുണ്ടായി. ഫോമാ നടപ്പാക്കുന്ന കേരള പ്രോജക്ടുകൾക്കെല്ലാം മുഖ്യമന്ത്രി ആശംസകൾ നേർന്നു. നോർക്ക അധികൃതരുമായി കുടിക്കാഴ്ച നടത്തിയ ഫോമാ ടീം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെയും സന്ദർശിച്ചു. ഫോമാ 2026 നാഷണൽ കൺവൻഷൻ ജനറൽ കൺവീനർ സുബിൻ കുമാരനും ടീമിനൊപ്പമുണ്ടായിരുന്നു.

vachakam
vachakam
vachakam


ഫോമായുടെ സാമ്പത്തിക പിന്തുണയോടെ പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറവുമായി കൈകോർത്ത് സംഘടിപ്പിച്ച 13 -ാമത് 'അമ്മയോടൊപ്പം' ജീവകാരുണ്യ ചടങ്ങ് നൂറുകണക്കിന് നിർധന വിധവകളായ അമ്മമാർക്ക് സ്‌നേഹോപഹാരങ്ങൾ സമ്മാനിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. നിർധനരും വിധവകളുമായ അഞ്ഞൂറോളം അമ്മമാർക്ക് പുതുവർഷ സമ്മാനമായി വസ്ത്രം, ധാന്യക്കിറ്റ്, നാഗാർജ്ജുന ആയുർവ്വേദ മെഡിക്കൽ കിറ്റ്, സഹായ ധനം എന്നിവയും സ്‌നേഹവിരുന്നും നൽകി.


vachakam
vachakam
vachakam

ഫോമാ, വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ 'ഉന്നതി'യെന്ന ആദ്യ ചാരിറ്റി പ്രോജക്ടിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പരിശീലനം ലഭിച്ച പട്ടിക വർഗ മേഖലയിലുള്ള 35 യുവതീ യുവാക്കൾക്ക് ജീവനോപാധിയായി  ടൂൾകിറ്റുകൾ വിതരണം ചെയ്തു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ വിമൻസ് ഫോറം ട്രഷറർ ജൂലി ബിനോയി, ജോയിന്റ് ട്രഷറർ മഞ്ജു പിള്ള എന്നിവർ ചേർന്നാണ് ടൂൾ കിറ്റുകൾ വിതരണം ചെയ്തത്.


സമാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ ഫോമാ പങ്കാളിത്തം വഹിച്ചുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുന്നതിനായി ട്രഷറർ സിജിൽ പാലയ്ക്കലോടി ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കുകയും വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടർ അരുൺ, മാനന്തവാടി തഹസീൽദാർ അഗസ്റ്റിൻ എം.ജെ, കുന്നത്തിടവക വില്ലേജ് ഓഫീസർ അശോകൻ ജോർജ്, മേപ്പാടി പഞ്ചായത്ത് അധികൃർ തുടങ്ങിയവരുമായി ചർച്ച നടത്തുകയും ചെയ്തു.

vachakam
vachakam
vachakam


ഹെൽപ്പിംഗ് ഹാൻഡ്‌സ് എന്ന ചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായി മാവേലിക്കര ബിഷപ് മൂർ കോളേജിലെ ബിരുദ വിദ്യാർത്ഥിനിക്കും പിറവത്തെ വ്യക്തിക്കും കാരിത്താസ് ആശുപത്രിയിലെ ഡയാലിസിസ് രോഗിക്കും പിറവം ക്രിസിതുരാജ പ്രെയർ സെന്ററിനും തൊടുപുഴ സ്മിത ആശുപത്രിയിലെ അർഹതപ്പെട്ടവർക്കും ഫോമ സഹായം നൽകി. നാട്ടിലെത്തുന്ന അമേരിക്കൻ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും ഏറെ നേരം കാത്തുനിൽക്കാതെ വേഗത്തിൽ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ്, കാരിത്താസ് ഹോസ്പിറ്റൽ, മാതാ ഹോസ്പിറ്റൽ, ആസ്റ്റർ മെഡിസിറ്റി തുടങ്ങിയവരുമായി ഫോമാ ഹെൽത്ത് കാർഡ് സ്‌കീമിൽ കരാറൊപ്പുവയ്ക്കുകയുണ്ടായി. ചികിൽസയ്ക്ക് നിശ്ചിത ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന പദ്ധതിയാണിത്.


കാസർകോട് ജില്ലയിലെ ഉദുമയിൽ ഫോമാ ഷിക്കാഗോ റീജിയൻ, ഷിക്കാഗോ സോഷ്യൽ ക്ലബ്ബ്, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വീൽചെയറുകൾ വിതരണം ചെയ്ത യോഗത്തിൽ സംബന്ധിച്ച് ഫോമാ പിന്തുണ അറിയിക്കുകയും ചെയ്തു.


ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമശ്രീ, മാധ്യമരത്‌ന, മീഡിയ എക്‌സലൻസ് പുരസ്‌കാര വിതരണം, ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്റർനാഷണൽ ലീഡേഴ്‌സ് കോൺക്ലേവ്, ഇ -മലയാളി ന്യൂസ് പോർട്ടലിന്റെ കൊച്ചിയിലെ അവാർഡ് നിശ തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് ഫോമാ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഫോമായുടെ കേരളാ കൺവൻഷൻ സംബന്ധിച്ച ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇക്കുറി അക്ഷര നഗരിയായ കോട്ടയത്താണ് കേരള കൺവൻഷൻ അരങ്ങേറുന്നത്. ഈ കൺവൻഷൻ അവിസ്മരണീയമാക്കുന്നതിന് വേണ്ടി വിൻഡ്‌സർ കാസിൽ ഹോട്ടൽ അധികൃതരുമായി ഫോമാ ഭാരവാഹികൾ പ്രാരംഭ ചർച്ച നടത്തി.

കേരള സന്ദർശനത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് ഫോമാ ഭാരവാഹികൾ തങ്ങളുടെ കർമഭൂമിയിലേയ്ക്ക് മടങ്ങിയത്. തുടങ്ങി വച്ച പദ്ധതികൾ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ട മോണിട്ടറിംഗ് നടത്തുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.

എ.എസ്. ശ്രീകുമാർ ഫോമാ ന്യൂസ് ടീം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam