ന്യൂയോര്‍ക്ക്: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഭാര്യ ഉഷ വാന്‍സും ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഫെബ്രുവരിയില്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും നടത്തിയ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം, വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര യാത്രയായിരിക്കും ഇതെന്നാണ് സൂചന. ഇന്ത്യന്‍ വംശജ കൂടിയായ ഉഷ വാന്‍സ് കൂടി ഇത്തവണ അദ്ദേഹത്തിനൊപ്പം ഉണ്ടാവും.
രണ്ടാം വനിത എന്ന നിലയില്‍ ഉഷ വാന്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരിക്കും ഇത്. അവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു. തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് വിജയിച്ച ശേഷം ഇതാദ്യമായാണ് ഉഷയും ജെഡി വാന്‍സും ഇന്ത്യയിലേക്ക് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ഇടയിലാണ് വാന്‍സിന്റെ സന്ദര്‍ശനം. അമേരിക്കന്‍ ഇറക്കുമതികളുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു, അന്യായമായ വ്യാപാര നടപടികളില്‍ തന്റെ ഭരണകൂടം നടത്തിയ ശ്രമമാണ് ഈ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇത് ഇന്ത്യ തള്ളിയിരുന്നു. വ്യാപാര തീരുവ കുറയ്ക്കല്‍ സംബന്ധിച്ച് യുഎസിന് അത്തരം ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ഒരു വ്യാപാര കരാറും അന്തിമമാക്കിയിട്ടില്ലെന്നും വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്ററി പാനലിനോട് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയും യുഎസും ഒരു വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നും, ഇരു രാജ്യങ്ങളും വിപണി പ്രവേശനം വര്‍ധിപ്പിക്കുന്നതിലും ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലും തീരുവ ഇതര തടസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ഇത് വിതരണ ശൃംഖല സംയോജനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസം അവസാനത്തോടെ ജെഡി വാന്‍സ് ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്