ഇന്ധനവില കുതിക്കുന്നു; അമേരിക്കയില്‍ പണപ്പെരുപ്പം 2023 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍

JUNE 10, 2026, 11:15 AM

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് 2023 ന്റെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 4.2 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്ധനം, ഭക്ഷണം, വൈദ്യുതി, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യമേഖലകളിലെ വിലക്കയറ്റം സാധാരണക്കാരായ ജനങ്ങളുടെ ജീവിതച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

പണപ്പെരുപ്പം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാന സാമ്പത്തിക പ്രതിസന്ധിയായി തുടരുകയാണെന്ന് വണ്‍ പോയിന്റ് ബിഎഫ്ജി വെല്‍ത്തിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ പീറ്റര്‍ ബൂക്ക്വര്‍ വ്യക്തമാക്കി. ഇത് വെറുമൊരു സാമ്പത്തിക പ്രതിസന്ധിയല്ല, മറിച്ച് ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയാണെന്ന് നേവി ഫെഡറല്‍ ക്രെഡിറ്റ് യൂണിയന്‍ ചീഫ് ഇക്കണോമിസ്റ്റ് ഹെതര്‍ ലോംഗ് കൂട്ടിച്ചേര്‍ത്തു.

കുറയുന്ന വരുമാനവും വര്‍ധിക്കുന്ന വിലക്കയറ്റവും

രാജ്യത്ത് വേതന വര്‍ധന നിരക്ക് താഴേക്ക് പോകുന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം ഉയരുന്നത് എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. നിലവില്‍ ശമ്പള വര്‍ധനവ് 3.4 ശതമാനത്തില്‍ ഒതുങ്ങുമ്പോള്‍ പണപ്പെരുപ്പം അതിനെ മറികടന്ന് മുന്നേറുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ശരാശരി മണിക്കൂര്‍ വേതനം 4 ശതമാനത്തോളം വര്‍ധിച്ചിരുന്ന സ്ഥാനത്താണിത്. മെയ് മാസത്തില്‍ യഥാര്‍ത്ഥ ശരാശരി പ്രതിവാര വരുമാനത്തില്‍ 0.2 ശതമാനത്തിന്റെ കുറവുണ്ടായതായി ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വരുമാനത്തില്‍ 0.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വരുമാന ഇടിവാണിത്.

ഇന്ധനവില വില്ലനാകുന്നു

പണപ്പെരുപ്പം ഇത്രയധികം ഉയരാന്‍ പ്രധാന കാരണം ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനവാണ്. മെയ് മാസത്തില്‍ ഊര്‍ജ്ജ സൂചിക 3.9 ശതമാനം ഉയര്‍ന്നു. മാര്‍ച്ചില്‍ 10.9 ശതമാനവും ഏപ്രിലില്‍ 3.8 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. മൊത്തം പണപ്പെരുപ്പത്തിന്റെ 60 ശതമാനവും ഇന്ധനമേഖലയിലെ വിലക്കയറ്റം മൂലമാണ് സംഭവിച്ചതെന്ന് ബിഎല്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ ഇറാനെതിരെ യുഎസും ഇസ്രായേലും നടത്തിയ സൈനിക നീക്കങ്ങള്‍ക്ക് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില 35 ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഏപ്രില്‍ ആദ്യം യുഎസ് ക്രൂഡ് ഓയില്‍ ബാരലിന് 115 ഡോളര്‍ വരെ എത്തിയിരുന്നു. പിന്നീട് ചില്ലറ വിപണിയില്‍ ഗ്യാസോലിന്‍ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും യുദ്ധം തുടങ്ങുന്നതിന് മുന്‍പുള്ള നിരക്കിനേക്കാള്‍ 40 ശതമാനം അധികമാണ് ഇപ്പോഴും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ഇതിനിടെ ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ എണ്ണവില വീണ്ടും 2 ശതമാനത്തോളം വര്‍ധിച്ചു.

ആശ്വാസവും ആശങ്കയും

ഭക്ഷണവും ഊര്‍ജ്ജവും ഒഴിവാക്കിയുള്ള കോര്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ 2.9 ശതമാനമായി തുടരുന്നുണ്ട്. കമ്മ്യൂണിക്കേഷന്‍, വിമാന ടിക്കറ്റ് നിരക്കുകള്‍, മെഡിക്കല്‍ കെയര്‍, വിനോദം തുടങ്ങിയ മേഖലകളില്‍ വില വര്‍ധിച്ചപ്പോള്‍ മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്, പുതിയ വാഹനങ്ങള്‍ എന്നിവയുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. കൂടാതെ പാല്‍ ഉല്‍പന്നങ്ങള്‍ (0.6%), ചീസ് (2.9%), മാംസം, മുട്ട എന്നിവയുടെ വിലയിലും പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ വിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസമായി.

എങ്കിലും വരും മാസങ്ങളില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ചൈന, തായ്വാന്‍, യൂറോപ്യന്‍ യൂണിയന്‍, കാനഡ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം നിര്‍ദ്ദേശിച്ച 10 ശതമാനം ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വരികയാണെങ്കില്‍, വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഇക്കണോമിസ്റ്റ് മൈക്കല്‍ ഫെറോലി ചൂണ്ടിക്കാണിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam