ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവൻഷനെ നിലവിലെ നാല് ദിവസങ്ങളിൽ നിന്ന് അഞ്ചു ദിവസമായി വിപുലീകരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി 2026-2028 ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടീം വോയ്സ് ഓഫ് ഫോമാ രംഗത്തെത്തി.
സംഘടനയുടെ ഭാവിയെ മുൻനിർത്തിയുള്ള ദീർഘകാല വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നിർണായക വാഗ്ദാനമെന്ന് ടീം നേതൃത്വം വ്യക്തമാക്കി. നിലവിലെ 2026 കൺവെൻഷൻ നാല് ദിവസമാണ് നടക്കുന്നത്.
അഞ്ചു ദിവസത്തെ കൺവെൻഷനിൽ ഒരു ദിവസം മുഴുവനായും കുട്ടികൾക്കും യുവജനങ്ങൾക്കും മാത്രം സമർപ്പിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഫോമായുടെ അടുത്ത തലമുറയെ സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സജീവമായി ആകർഷിക്കുകയും, ഭാവി നേതൃനിരയെ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടീം വോയ്സ് ഓഫ് ഫോമായുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ വ്യക്തമാക്കി.
ഫോമാ ഫാമിലി വെക്കേഷൻ കൺവൻഷൻ' എന്ന ആശയം കൂടി മുൻനിർത്തിയാണ് പ്രസ്തുത തീരുമാനം.
ടീമിന്റെ അഭിപ്രായത്തിൽ, ഫോമാ ഒരു കൺവൻഷൻ സംഘടിപ്പിക്കുന്ന സംഘടന മാത്രമല്ല, തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണ്. അതിനാൽ കുട്ടികൾക്കും യുവജനങ്ങൾക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കാനും, നേതൃത്വപരമായ പരിശീലനങ്ങൾ നേടാനും, ആശയവിനിമയവും വ്യക്തിത്വവികസനവും മെച്ചപ്പെടുത്താനും പ്രത്യേക വേദി ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഈ പ്രത്യേക 'യൂത്ത് ആൻഡ് കിഡ്സ് ഡേ'യിൽ നേതൃത്വ പരിശീലന ശിൽപ്പശാലകൾ, സംരംഭകത്വ സെമിനാറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, കരിയർ ഗൈഡൻസ്, കോളേജ് അഡ്മിഷൻ കൗൺസിലിംഗ്, പബ്ലിക് സ്പീക്കിംഗ്, ഡിബേറ്റ്, ക്വിസ്, റോബോട്ടിക്സ്, കലാസാംസ്കാരിക മത്സരങ്ങൾ, കായിക പരിപാടികൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയിൽ ജനിച്ച് വളരുന്ന മലയാളി കുട്ടികൾക്ക് അവരുടെ ഭാഷയും സംസ്കാരവും പാരമ്പര്യവും കൂടുതൽ അടുത്തറിയാനും, വിവിധ സംസ്ഥാനങ്ങളിലെ മലയാളി യുവജനങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കാനും ഈ ദിനം സഹായകരമാകുമെന്ന് ടീം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
'ഇന്നത്തെ യുവാക്കളാണ് നാളത്തെ ഫോമാ നേതൃത്വം' എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടീം വോയ്സ് ഓഫ് ഫോമാ നേതാക്കൾ പറഞ്ഞു. സംഘടനയുടെ ഭാവി ശക്തിപ്പെടുത്താൻ യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള സ്ഥിരമായ വേദിയാണ് ഈ അഞ്ചാം ദിനമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
കുടുംബാംഗങ്ങൾക്ക് കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാനും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും അഞ്ചു ദിവസത്തെ കൺവെൻഷൻ സഹായകമാകുമെന്നും ടീം വിലയിരുത്തുന്നു.
സാംസ്കാരിക പരിപാടികൾക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം, ബിസിനസ് നെറ്റ്വർക്കിംഗ്, വനിതാ ശാക്തീകരണം, യുവജന വികസനം എന്നീ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമഗ്രമായ കൺവെൻഷൻ മാതൃകയാണ് വിഭാവനം ചെയ്യുന്നതെന്നും അവർ അറിയിച്ചു.
2026-2028 കാലയളവിനായി അവതരിപ്പിക്കുന്ന ഈ പദ്ധതി, 'ഭാവിയെ ലക്ഷ്യമിടുന്ന ഫോമാ' എന്ന ആശയത്തിന്റെ പ്രതിഫലനമാണെന്നാണ് ബിജു തോണിക്കടവിൽ നേതൃത്വം നൽകുന്ന ടീം ഫോമായുടെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു. തലമുറകളെ ഒരുമിപ്പിക്കുകയും, കുട്ടികളെയും യുവജനങ്ങളെയും സംഘടനയുടെ കേന്ദ്രസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഈ നിർദ്ദേശം അമേരിക്കൻ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
